ശബരിമല വിഷയത്തില്‍ അറസ്റ്റിലായവര്‍ക്ക് നിയമസഹായവുമായി ബി.ജെ.പി
|കോട്ടയത്ത് ചേര്‍ന്ന ബി.ജെ.പി ലീഗല്‍ സെല്‍ കണ്‍വീനര്‍മാരുടെ യോഗത്തിലാണ് കേസ് എടുത്തവര്‍ക്ക് വേണ്ടി നിയമ പോരാട്ടം നടത്താന്‍ തീരുമാനിച്ചത്.
ശബരിമല വിഷയത്തില്‍ അറസ്റ്റിലായവരടക്കമുള്ളവര്ക്ക് നിയമ സഹായം നല്കാന് ബി.ജെ.പി നീക്കം ആരംഭിച്ചു. കോട്ടയത്ത് ചേര്‍ന്ന ബി.ജെ.പി ലീഗല്‍ സെല്‍ കണ്‍വീനര്‍മാരുടെ യോഗത്തിലാണ് കേസ് എടുത്തവര്‍ക്ക് വേണ്ടി നിയമ പോരാട്ടം നടത്താന്‍ തീരുമാനിച്ചത്. സുപ്രിം കോടതിയിലടക്കം സെല്‍ നിയമപോരാട്ടം നടത്തും.
ശബരിമല വിഷയവുമായി ബന്ധപ്പെട്ട നിരവധി ബി.ജെ.പി- ആര്‍എസ്എസ് പ്രവര്‍ത്തകരാണ് അറസ്റ്റിലായിരിക്കുന്നത്. ഭൂരിഭാഗം പേര്‍ക്കെതിരെ ജാമ്യമില്ല വകുപ്പുകള്‍ പ്രകാരം കേസും എടുത്തിട്ടുണ്ട്. സര്‍ക്കാര്‍ നടപടികള്‍ ശക്തമായി മുന്നോട്ട് കൊണ്ടുപോകാന്‍ തീരുമനിച്ച സാഹചര്യത്തിലാണ് ബി.ജെ.പി ലീഗല്‍ സെല്‍ നേതൃയോഗം കോട്ടയത്ത് ചേര്‍ന്നത്. സര്‍ക്കാര്‍ നടപടികളെ നിയമപരമായി തന്നെ നേരിടാനും അറസ്റ്റിലായവരടക്കമുള്ളവര്ക്ക് ആവശ്യമായ നിയമ സഹായം നല്‍കാനുമാണ് ബി.ജെ.പി ലീഗല്‍ സെല്ലിന്റെ തീരുമാനം.
കഴിഞ്ഞ ദിവസം ചേര്‍ന്ന ബി.ജെ.പി കോര്‍ കമ്മിറ്റി ശബരിമല വിഷയത്തില്‍ കേസില്‍ പ്രതിയാക്കപ്പെട്ടവര്‍ക്ക് നിയമസഹായം നല്‍കണമെന്ന് അറിയിച്ചിരുന്നു. കീഴ്കോടതികളില്‍ മാത്രമല്ല സുപ്രിം കോടതിയില്‍ വരെ നിയമസഹായം ഉറപ്പാക്കാനാണ് ബി.ജെ.പി ലീഗല്‍ സെല്ലിന്റെ തീരുമാനം.