സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിന് നേരെ ആക്രമണം; അന്വേഷണം ഊര്‍ജിതമെന്ന് അന്വേഷണസംഘം
|സമീപ പ്രദേശത്തെ സിസി ടിവിയിലെ ദൃശ്യങ്ങള്‍ പരിശോധിച്ചു. ഫോറന്‍സിക് സംഘത്തിന്റെ പരിശോധനകളും പുരോഗമിക്കുകയാണ്.
സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിന് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് അന്വേഷണം ഊര്‍ജിതമെന്ന് അന്വേഷണസംഘം. സമീപ പ്രദേശത്തെ സിസി ടിവിയിലെ ദൃശ്യങ്ങള്‍ പരിശോധിച്ചു. ഫോറന്‍സിക് സംഘത്തിന്റെ പരിശോധനകളും പുരോഗമിക്കുകയാണ്.
ആശ്രമത്തിലെ സിസി ടിവി ദിവസങ്ങളായി പ്രവര്‍ത്തനരഹിതമാണെന്നത് അന്വേഷണത്തില്‍ പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. അതുകൊണ്ട് സമീപത്തെ സിസി ടിവി ദൃശ്യങ്ങളാണ് പൊലീസ് പരിശോധനിക്കുന്നത്. ഫോറന്‍സിക് സംഘവും വിരലടയാള വിദഗ്ധരും നടത്തിയ പരിശോധനകളുടെ ഫലം ലഭിച്ചിട്ടില്ല. ഇവരുടെ ശാസത്രീയ പരിശോധന ഫലം അന്വേഷണത്തിന് സഹായകരമാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. ആശ്രമത്തിലെ മുന്‍ജീവനക്കാരനെ സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തിരുന്നു. ചോദ്യം ചെയ്യലിന് ശേഷം ഇയാളെ വിട്ടയച്ചു. ഇയാളില്‍ നിന്ന് കാര്യമായ വിവരം ലഭിച്ചിട്ടില്ലെന്നാണ് സൂചന. കന്റോണ്‍മെന്റ് എസിപിക്കാണ് അന്വേഷണ ചുമതല. അന്വേഷണ പുരോഗതി സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ വിലയിരുത്തുന്നുണ്ട്. ശനിയാഴ്ച പുലര്‍ച്ചെയാണ് സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിന് നേരെ ആക്രമണമുണ്ടായത്. രണ്ട് കാറുകളും ബൈക്കും അക്രമികള്‍ തീയിട്ട് നശിപ്പിച്ചിരുന്നു.