പ്രതിസന്ധി രൂക്ഷം; കേരളത്തിലെ അച്ചടി വ്യവസായം അടച്ച് പൂട്ടല്‍ ഭീഷണിയില്‍
|കേരളത്തില്‍ മൂവായിരത്തോളം അച്ചടി സ്ഥാപനങ്ങളില്‍ പകുതിയോളം അടച്ച് പൂട്ടലിന്റെ വക്കിലാണ്. കടലാസിന് മാത്രം കിലോക്ക് 15 രൂപയാണ് കഴിഞ്ഞ വര്‍ഷത്തെക്കാള്‍ വര്‍ധിച്ചത്.
കടലാസിന്റെയും അസംസ്കൃത വസ്തുക്കളുടെയും വില വര്‍ധനവ് മൂലം കേരളത്തിലെ അച്ചടി വ്യവസായം പ്രതിസന്ധിയിലേക്ക്. അസംസ്കൃത വസ്തുക്കള്‍ക്ക് വിലവര്‍ധിച്ചിട്ടും അച്ചടി നിരക്കില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി യാതൊരു വര്‍ധനവും ഉണ്ടായിട്ടില്ല. വിവിധ ഇനം കടലാസ്സുകളുടെ ലഭ്യത കുറവും വ്യവസായത്തിന്റെ പ്രതിസന്ധി രൂക്ഷമാക്കിയിട്ടുണ്ട്.
കടലാസിന് മാത്രം കിലോക്ക് 15 രൂപയാണ് കഴിഞ്ഞ വര്‍ഷത്തെക്കാള്‍ വര്‍ധിച്ചത്. മഷി അടക്കമുള്ള അനുബന്ധ സാധനങ്ങള്‍ക്കും നിരക്ക് ഉയര്‍ന്നു. അസംസ്കൃത വസ്തുക്കള്‍ക്കെല്ലാം അയല്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ ഉയര്‍ന്ന വില നല്‍കണം. ഇതര സംസ്ഥാനങ്ങളില്‍ നിരക്ക് കുറവാണെന്ന തെറ്റിദ്ധാരണയും കേരളത്തിലെ അച്ചടി വ്യവസായത്തെ ദോഷകരമായി ബാധിക്കുന്നുണ്ട്.
കേരളത്തില്‍ മൂവായിരത്തോളം അച്ചടി സ്ഥാപനങ്ങളില്‍ പകുതിയോളം അടച്ച് പൂട്ടലിന്റെ വക്കിലാണ്. സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള പ്രചാരണത്തിന് മുന്‍തൂക്കം ലഭിച്ചതും ഡിജിറ്റലൈസേഷനും അച്ചടി വ്യവസായത്തെ പിറകോട്ട് അടിപ്പിക്കുന്നുന്നതിന് ഇടയിലാണ് അസംസ്കൃത വസ്തുക്കളുടെ വിലകയറ്റം.
പ്രളയം മൂലം കോടിക്കണക്കിന് രൂപ നഷ്ടം സംഭവിച്ച കേരളത്തിലെ അച്ചടി വ്യവസായികള്‍ക്ക് തിരിച്ച് വരാന്‍ കഴിയാത്ത സ്ഥിതിയാണെന്നും അസംസ്കൃത വസ്തുക്കളുടെ വില നിയന്ത്രിക്കുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടണമെന്നുമാണ് വ്യവസായികളുടെ ആവശ്യം.