കൊച്ചി-സേലം വാതക പൈപ്പ് ലൈൻ പദ്ധതി: നഷ്ടപരിഹാരത്തിനായി പ്രദേശവാസികള്‍ സമരത്തില്‍
|പാലക്കാട് കോരപ്പുഴയിൽ ആരംഭിച്ചിരുന്ന പൈപ്പ് ലൈൻ പണി കന്പനി അധികൃതർ നിർത്തിവെച്ചു
കൊച്ചി-സേലം വാതക പൈപ്പ് ലൈൻ സ്ഥാപിക്കുന്ന ഭൂമിക്ക് മതിയായ നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് ഭൂവുടമകളുടെ പ്രതിഷേധം. പാലക്കാട് കോരപ്പുഴയിൽ ആരംഭിച്ചിരുന്ന പൈപ്പ് ലൈൻ പണി കന്പനി അധികൃതർ നിർത്തിവെച്ചു. പാലക്കാട്, തൃശൂർ ജില്ലകളിലെ ഭൂവുടമകളാണ് പ്രതിഷേധവുമായി രംഗത്തു വന്നത്
1999ൽ തമിഴ്നാട്ടിലെ കാരൂരിലേക്ക് പൈപ്പ് ലൈൻ വഴി പെട്രോളും ഡീസലും മണ്ണെണ്ണയും കൊണ്ടു പോകാൻ സി.സി.കെ പെട്രോനെറ്റ് എന്ന കമ്പനിക്ക് ഭൂവുടമകൾ അനുമതി നൽകിയിരുന്നു. എന്നാൽ 2016ൽ ഇതേ ഭൂമിയിലൂടെ വാതക പൈപ്പ് ലൈൻ സ്ഥാപിക്കുമെന്ന് കാണിച്ച് കെ.എസ്.പി.പി.എൽ എന്ന കമ്പനി 2016ൽ ഭൂവുടമകൾക്ക് നോട്ടീസ് നൽകി. കൂടുതൽ നഷ്ടപരിഹാരം നൽകില്ലെന്നും കമ്പനി അറിയിച്ചു. പുതിയ പദ്ധതിയ്ക്ക് ഭൂമി നൽകുകയാണെങ്കിൽ കാലാനുസൃതമായ നഷ്ടപരിഹാരം വേണമെന്ന് ഭൂവുടമകൾ ആവശ്യപ്പെട്ടു. ഈ ആവശ്യം തള്ളിയ കെ.എസ്.പി.പി.എൽ കഴിഞ്ഞ ദിവസം കോരപ്പുഴ ഭാഗത്ത് പൈപ്പ് ലൈൻ സ്ഥാപിക്കുന്ന പ്രവൃത്തി ആരംഭിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതിഷേധവുമായി ഭൂവുടമകൾ രംഗത്തു വന്നത്.
പ്രതിഷേധിച്ചവരും കമ്പനി പ്രതിനിധികളുമായി നടത്തിയ ചർച്ചയെത്തുടർന്ന് പണി നിർത്തിവെച്ചു. കൂടുതൽ ചർച്ചകൾക്കു ശേഷം മാത്രമേ പണി പുനരാരംഭിക്കൂ എന്ന് കമ്പനി പ്രതിനിധികൾ അറിയിച്ചു.