ശബരിമല യോഗത്തില്‍ നിന്നും ദക്ഷിണേന്ത്യന്‍ മന്ത്രിമാര്‍ വിട്ടു നിന്നു
|മന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുക്കാത്തതിന് മതിയായ കാരണങ്ങളുണ്ട്. യോഗത്തില്‍ നിന്ന് ടോമിന്‍ ജെ തച്ചങ്കരി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ ഇറങ്ങി പോയത് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും മന്ത്രി
ശബരിമല വിഷയം ചര്‍ച്ച ചെയ്യാന്‍ വിളിച്ച യോഗത്തില്‍ നിന്നും ദക്ഷിണേന്ത്യന്‍ മന്ത്രിമാര്‍ വിട്ടു നിന്നു. മുഖ്യമന്ത്രിയും യോഗത്തില്‍ പങ്കെടുത്തില്ല. സ്ത്രീ പ്രവേശനത്തില്‍ എല്ലാ പിന്തുണയും സംസ്ഥാന സര്‍ക്കാറിന് നല്‍കുമെന്ന് മറ്റ് സംസ്ഥാനങ്ങള്‍ അറിയിച്ചതായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
മന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുക്കാത്തതിന് മതിയായ കാരണങ്ങളുണ്ട്. യോഗത്തില്‍ നിന്ന് കെ.എസ്.ആര്‍.ടി.സി എം.ഡി ടോമിന്‍ ജെ തച്ചങ്കരി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ ഇറങ്ങി പോയത് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും കടകംപള്ളി പറഞ്ഞു. ശബരിമലയില്‍ ടോള്‍ ഫ്രീ നമ്പറുള്ള ഏകീകൃത കണ്‍ട്രോള്‍ റൂം തുറക്കാന്‍ ഇന്ന് ചേര്‍ന്ന യോഗത്തില്‍ ധാരണയായി.
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ദേവസ്വം വകുപ്പിന്റെ ചുമതലയുള്ള മന്ത്രിമാരുടെയും വകുപ്പ് സെക്രട്ടറിമാരുടെയും ദേവസ്വം കമ്മീഷണര്‍മാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗമാണ് മുഖ്യമന്ത്രി വിളിച്ചത്. മണ്ഡല-മകരവിളക്ക് കാലത്തെ ഒരുക്കങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനായാണ് യോഗം വിളിച്ചത്.
മന്ത്രിമാരെത്തിയില്ലെങ്കിലും ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു. അവസാന നിമിഷമാണ് തമിഴ്‌നാട് മന്ത്രി യാത്ര റദ്ദാക്കിയത്. കര്‍ണാടക, ആന്ധ്ര, തെലങ്കാന, പോണ്ടിച്ചേരി മന്ത്രിമാരാണ് യോഗത്തില്‍ എത്തേണ്ടിയിരുന്നത്. ശബരിമലയിലെ യുവതീ പ്രവേശനത്തിലെ സര്‍ക്കാരിന്റെ നിലപാടാണ് മന്ത്രിമാര്‍ യോഗത്തില്‍ നിന്നും പിന്മാറാനുള്ള കാരണമെന്നാണ് സൂചന.
മന്ത്രിമാര്‍ യോഗത്തില്‍ നിന്നും വിട്ടു നില്‍ക്കുന്നത് സര്‍ക്കാരിനേറ്റ തിരിച്ചടിയാണെന്ന് മുന്‍ ദേവസ്വം ബോര്‍ഡ് അംഗം അജയ് തറയില്‍ മീഡിയ വണ്ണിനോട് പറഞ്ഞു. യോഗത്തില്‍ ഉദ്യോഗസ്ഥപ്രതിനിധികളെ അയക്കുന്നത് സംസ്ഥാന സര്‍ക്കാരുമായി സഹകരിക്കാന്‍ തയ്യാറാണെന്നാണ് കാണിക്കുന്നതെന്ന് സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന്‍ പ്രതികരിച്ചു. ഭക്തജനങ്ങളുടെ വികാരം മനസിലാക്കാനുള്ള സാമാന്യ ബുദ്ധിയുള്ളതുകൊണ്ടാണ് മന്ത്രിമാര്‍ വിട്ടു നില്‍ക്കുന്നതെന്ന് ബി.ജെ.പി വക്താവ് ശിവശങ്കരന്‍ പറഞ്ഞു.