![ശബരിമല സ്ത്രീപ്രവേശനം: പ്രക്ഷോഭം ശക്തമാക്കുമെന്ന് എന്‍.എസ്.എസ് ശബരിമല സ്ത്രീപ്രവേശനം: പ്രക്ഷോഭം ശക്തമാക്കുമെന്ന് എന്‍.എസ്.എസ്](https://www.mediaoneonline.com/h-upload/old_images/1131343-66378755.webp)
ശബരിമല സ്ത്രീപ്രവേശനം: പ്രക്ഷോഭം ശക്തമാക്കുമെന്ന് എന്‍.എസ്.എസ്
![](/images/authorplaceholder.jpg)
13ന് സുപ്രീംകോടതിയിൽ നിന്നും വിധി പ്രതികൂലമായാൽ തുടർപ്രക്ഷോഭം സംഘടിപ്പിക്കും. സമര രംഗത്തുള്ള മറ്റു സംഘടനകളുമായി ചേർന്ന് കൊണ്ടാകും തുടർ പ്രതിഷേധങ്ങൾ.
ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ചതിന് എതിരായ പുനപ്പരിശോധനാ ഹരജികളില്‍ സുപ്രീംകോടതിയിൽ നിന്നും അനുകൂല നിലപാട് ഉണ്ടായില്ലെങ്കിൽ പ്രക്ഷോഭം തുടരുമെന്ന് എന്‍.എസ്.എസ്. ഹിന്ദു സംഘടനകളുമായി ആലോചിച്ച് പ്രക്ഷോഭത്തിന് രൂപം നല്‍കും. രണ്ടാംഘട്ട പ്രക്ഷോഭത്തെ കുറിച്ച് ആലോചിക്കാൻ ശബരിമല കർമ്മസമിതി നാളെ കോട്ടയത്ത് യോഗം ചേരും.
സുപ്രീം കോടതി വിധി നടപ്പാക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ പ്രക്ഷോഭം കടുപ്പിക്കാനാണ് എന്‍.എസ്.എസ് തീരുമാനം. 13ന് സുപ്രീംകോടതിയിൽ നിന്നും വിധി പ്രതികൂലമായാൽ തുടർപ്രക്ഷോഭം സംഘടിപ്പിക്കും. സമര രംഗത്തുള്ള മറ്റു സംഘടനകളുമായി ചേർന്ന് കൊണ്ടാകും തുടർ പ്രതിഷേധങ്ങൾ.
വിധി അനുകൂലമാകുമെന്നും സർക്കാരിന്റെ കണ്ണ് തുറക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ വ്യക്തമാക്കി. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി മുഴുവൻ കരയോഗങ്ങൾ കേന്ദ്രീകരിച്ച് ഇന്ന് പ്രാർത്ഥനായജ്ഞം നടത്തി. എന്‍.എസ്.എസിന്റെ പതാക ദിനത്തോടനുബന്ധിച്ച് ആയിരുന്നു പരിപാടി.
സംഘപരിവാർ സംഘടനകളും രണ്ടാംഘട്ട പ്രതിഷേധ പരിപാടികളെ കുറിച്ച് ആലോചനയിലാണ്. നാളെ കോട്ടയത്ത് ചേരുന്ന ഹിന്ദു നേതൃസമ്മേളനം രണ്ടാംഘട്ട സമരരീതി ആസൂത്രണം ചെയ്യും. ശബരിമല കർമ്മ സമിതിയാണ് ഇതിനും നേതൃത്വം നല്‍കുന്നത്.