ഷാഡോ പൊലീസ് ചമഞ്ഞ് പണം തട്ടാൻ ശ്രമം: ബി.ജെ.പി പ്രവര്‍ത്തകന്‍ ഉള്‍പ്പെടെ രണ്ട് പേര്‍ പിടിയില്‍
|ചവറ തേവലക്കര സ്വദേശി അഭിജിത്, ചേർത്തല സ്വദേശി അർജ്ജുൻ എന്നിവരാണ് കസ്റ്റഡിയിലായത്.
കൊല്ലം ചവറയിൽ ഷാഡോ പൊലീസ് ചമഞ്ഞ് പണം തട്ടാൻ ശ്രമിച്ച രണ്ട് പേരെ ചവറ പൊലീസ് പിടികൂടി. ചവറ തേവലക്കര സ്വദേശി അഭിജിത്, ചേർത്തല സ്വദേശി അർജ്ജുൻ എന്നിവരാണ് കസ്റ്റഡിയിലായത്. ബി.ജെ.പിയുടെ സജീവ പ്രവര്‍ത്തകന്‍ കൂടിയാണ് അറസ്റ്റിലായ അഭിജിത്ത്.
ഷാഡോ പൊലീസ് എന്ന വ്യാജേന ബുക്ക് സ്റ്റാൾ ഉടമയിൽ നിന്നും പണം തട്ടാൻ ശ്രമിച്ച കൊല്ലം തേവലക്കര സ്വദേശി അഭിജിത്, ചേർത്തല വട്ടത്തറ സ്വദേശി അർജ്ജുൻ എന്നിവരാണ് ചവറ പൊലീസിന്റെ പിടിയിലായത്. ബുക്ക് സ്റ്റാളിലെ സെയിൽസ് മാനായിരുന്ന അർജ്ജുനും ഉടമയും തമ്മിലുള്ള പ്രശ്നമാണ് തട്ടിപ്പ് ആസൂത്രണം ചെയ്യാൻ കാരണം. വ്യാജ പുസ്തകങ്ങളുമായെത്തിയ അർജ്ജുനെ കസ്റ്റഡിയിലെടുത്തിരിക്കയാണെന്നും കേസാക്കാതിരിക്കണമെങ്കിൽ 10000 രൂപ നൽകണമെന്നും ആവശ്യപ്പെട്ടാണ് അഭിജിത്ത് ബുക് സ്റ്റാള്‍ ഉടമയെ സമീപിച്ചത്.
സംശയം തോന്നിയ കടയുടമ സ്പെഷ്യൽ ബ്രാഞ്ച് പോലീസിനെ വിവരമറിയിച്ചതിനെ തുടർന്ന് ഇരുവരെയും കസ്റ്റഡിയിലെടുത്തു. സജീവ ബി.ജെ.പി പ്രവര്‍ത്തകന്‍ കൂടിയാണ് അറസ്റ്റിലായ അഭിജിത്ത്. ചവറ സബ് ഇൻസ്പെക്ടർ സുകേശൻ, ഷാഡോ പോലീസ് അംഗങ്ങളായ നന്ദകുമാർ, റിബു എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്.