തിരുവനന്തപുരം തീപിടിത്തം; പ്ലാസ്റ്റിക് നിര്‍മാണ യൂണിറ്റ് മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നില്ലെന്ന് ഫയര്‍ഫോഴ്സ്
|ആവശ്യമായ ക്രമീകരണങ്ങള്‍ ഒന്നും കമ്പനിയിലുണ്ടായിരുന്നില്ലെന്നും ഫയര്‍ഫോഴ്സ് ടെക്നിക്കല്‍ ഡയറക്ടര്‍ പ്രസാദ് മീഡിയവണിനോട് പറഞ്ഞു.
തിരുവനന്തപുരത്ത് തീപിടിച്ച പ്ലാസ്റ്റിക് നിർമാണ ഫാക്ടറി അഗ്നിശമന മാനദണ്ഡങ്ങൾ ലംഘിച്ചാണ് പ്രവർത്തിച്ചിരുന്നതെന്ന് കണ്ടെത്തല്‍. ഫയർഫോഴ്സ് നൽകിയ മുന്നറിയിപ്പുകൾ സ്ഥാപനം അവഗണിച്ചതും വലിയ ദുരന്തത്തിന് കാരണമായി. മാനദണ്ഡങ്ങൾ ലംഘിച്ചുവെന്നാണ് പ്രാഥമിക നിഗമനമെന്ന് ഫയർഫോഴ്സ് ടെക്നിക്കൽ ഡയറക്ടര്‍ മീഡിയവണിനോട് പറഞ്ഞു.
29 വർഷം മുമ്പാണ് ഫാമിലി പ്ലാസ്റ്റിക് എന്ന സ്ഥാപനം തിരുവനന്തപുരം മൺവിളയിലെ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ പ്രവർത്തനമാരംഭിച്ചത്. അക്കാലത്ത് അഗ്നിശമന മാനദണ്ഡങ്ങൾ ലഘുവായിരുന്നു. പിന്നീട് മാനദണ്ഡങ്ങൾ കർശനമാക്കിയെങ്കിലും പ്ലാസ്റ്റിക് നിർമ്മാണ ഫാക്ടറി അവ നടപ്പാക്കിയില്ലെന്നാണ് ഫയർഫോഴ്സിന്റെ പ്രാഥമിക വിലയിരുത്തൽ. കെട്ടിട രൂപകല്പന ഫയർഫോഴ്സ് മാനദണ്ഡങ്ങൾക്ക് അനുസൃതമായിരുന്നില്ല. അസംസ്കൃത വസ്തുക്കൾ സൂക്ഷിക്കുന്ന ഫാക്ടറി കെട്ടിടത്തിൽ തന്നെയാണ് ഉത്പന്നങ്ങളും സൂക്ഷിച്ചിരുന്നത്. ഒരു കെട്ടിടത്തിൽ നിന്ന് മറ്റൊരു കെട്ടിടത്തിലേക്കുള്ള ബന്ധം ഉൾപ്പെടെയുള്ള നിബന്ധനകള്‍ പാലിച്ചില്ല.
ഫയർ ഓഡിറ്റ് നടത്തി ഫയർഫോഴ്സ് നൽകിയ നോട്ടീസിലെ മുന്നറിയിപ്പും സ്ഥാപനം നടപ്പാക്കിയില്ല. തീ അടുത്ത കെട്ടിടത്തിലേക്ക് വ്യാപിക്കാതെ നോക്കിയതും ഡീസൽ ഉൾപ്പെടെ പെട്രോളിയം ഉത്പന്നങ്ങൾ സൂക്ഷിച്ച കെട്ടിടത്തിലെ തീ നിയന്ത്രിക്കാന്‍ കഴിഞ്ഞതുമാണ് വലിയ അപകടത്തിൽ നിന്ന് രക്ഷിച്ചത്. രണ്ടു ദിവസം മുമ്പും സ്ഥാപനത്തിൽ ചെറിയ തീപിടിത്തമുണ്ടായിരുന്നു.
ഇന്നലെ വൈകിട്ട് 6.45ഓടെയാണ് ശ്രീകാര്യം മൺവിളയിലെ വ്യവസായ എസ്റ്റേറ്റിൽ പ്രവർത്തിക്കുന്ന ഫാമിലി പ്ലാസ്റ്റികിന്റെ നിർമ്മാണ യൂണിറ്റിൽ തീപിടിത്തമുണ്ടായത്. ഇന്ന് രാവിലെയോടെയാണ് തീ പൂര്‍ണമായും അണയ്ക്കാനായത്. 40 യൂണിറ്റ് ഫയര്‍ഫോഴ്സ് എത്തിയാണ് തീ അണച്ചത്. ഇപ്പോള്‍ 5 യൂണിറ്റ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. തീ പിടിത്തമുണ്ടായ സ്ഥലത്ത് നിന്ന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ളവരെ ഇന്നലെ തന്നെ ഒഴിപ്പിച്ചിരുന്നു.