Kerala
മണ്‍വിളയിലെ ഫാമിലി പ്ലാസ്റ്റിക്കിനെതിരെ മലിനീകരണ നിയന്ത്രണ ബോര്‍ഡ്
Kerala

മണ്‍വിളയിലെ ഫാമിലി പ്ലാസ്റ്റിക്കിനെതിരെ മലിനീകരണ നിയന്ത്രണ ബോര്‍ഡ്

Web Desk
|
2 Nov 2018 9:14 AM GMT

കമ്പനികളുടെ വിശദീകരണം തൃപ്തികരമല്ലെങ്കില്‍ സ്ഥാപനത്തിന്‍റെ അനുമതി റദ്ദാക്കുന്നത് അടക്കമുള്ള നടപടികളുണ്ടാകും. തീ പിടുത്തമുണ്ടായ ഫാക്ടറിയില്‍ വിവിധ ഏജന്‍സികളുടെ പരിശോധന തുടരുകയാണ്.

തിരുവനന്തപുരം മണ്‍വിളയിലെ ഫാമിലി പ്ലാസ്റ്റിക്കിനെതിരെ മലിനീകരണ നിയന്ത്രണ ബോര്‍ഡ് നടപടിക്കൊരുങ്ങുന്നു. കമ്പനികളുടെ വിശദീകരണം തൃപ്തികരമല്ലെങ്കില്‍ സ്ഥാപനത്തിന്‍റെ അനുമതി റദ്ദാക്കുന്നത് അടക്കമുള്ള നടപടികളുണ്ടാകും. തീപിടുത്തമുണ്ടായ ഫാക്ടറിയില്‍ വിവിധ ഏജന്‍സികളുടെ പരിശോധന തുടരുകയാണ്.

വന്‍ തീപിടുത്തമുണ്ടായ മണ്‍വിളയിലെ ഫാമിലി പ്ലാസ്റ്റിക് ഗോഡൌണില്‍ ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ വിലയിരുത്തല്‍. കത്തുന്ന സാധനങ്ങള്‍ അമിതമായ സ്റ്റോക്ക് ചെയ്തത് വീഴ്ചയാണ്. സുരക്ഷാ ക്രമീകരണങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചിട്ടില്ല, മുന്‍പുണ്ടായ തീപിടുത്തം അറിയിച്ചില്ല, തീപിടുത്തം ഉണ്ടായ ഉടനെ ഫയര്‍ഫോഴ്സിനെ അറിയിച്ചില്ല തുടങ്ങി സ്ഥാപനത്തിന്‍റെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ചകളാണ് ഉണ്ടായിട്ടുള്ളത്.

മലിനീകരണ നിയന്ത്രണ ബോര്‍ഡ് നല്‍കിയിരിക്കുന്ന നോട്ടീസിന് സ്ഥാപനം നല്‍കുന്ന വിശദീകരണം തൃപ്തികരമല്ലെങ്കില്‍ അനുമതി റദ്ദാക്കുന്നതടക്കമുള്ള നടപടികളുമായി മുന്നോട്ട് പോകാനാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ ആലോചന. അതേസമയം തീപിടുത്തം വഴി വിഷവാതകം വായുവില്‍ ലയിച്ചിട്ടില്ലെന്ന് പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. കാര്‍ബണ്‍ മോണോക്സൈഡിന്‍റെ അംശം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല, എന്നാല്‍ ഹൈഡ്രോ കാര്‍ബണിന്‍റെ സാന്നിദ്ധ്യം ചെറിയ തോതില്‍ കണ്ടെത്തിയിട്ടുണ്ട്, പക്ഷെ അത് അപകടകരമാം വിധം ഇല്ലെന്നാണ് വ്യക്തമായിരിക്കുന്നത്.

Similar Posts