Kerala
കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ നിന്നും പുറത്താക്കിയ വിദ്യാര്‍ഥിയെ തിരിച്ചെടുത്തു
Kerala

കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ നിന്നും പുറത്താക്കിയ വിദ്യാര്‍ഥിയെ തിരിച്ചെടുത്തു

Web Desk
|
3 Nov 2018 2:11 AM GMT

രണ്ടാം വര്‍ഷ പി.ജി വിദ്യാര്‍ത്ഥിയായ അഖില്‍ താഴത്തിനെയാണ് സര്‍വകലാശാല പുറത്താക്കിയിരുന്നത്. വൈസ് ചാന്‍സിലറെ സാമൂഹ്യ മാധ്യമത്തിലൂടെ അസഭ്യം പറഞ്ഞുവെന്ന് ആരോപിച്ചായിരുന്നു നടപടി.

കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ നിന്നും പുറത്താക്കിയ വിദ്യാര്‍ഥിയെ തിരിച്ചെടുത്തു. രണ്ടാം വര്‍ഷ പി.ജി വിദ്യാര്‍ത്ഥിയായ അഖില്‍ താഴത്തിനെയാണ് സര്‍വകലാശാല പുറത്താക്കിയിരുന്നത്. വൈസ് ചാന്‍സിലറെ സാമൂഹ്യ മാധ്യമത്തിലൂടെ അസഭ്യം പറഞ്ഞുവെന്ന് ആരോപിച്ചായിരുന്നു നടപടി.

വൈസ്ചാന്‍സിലറെ സാമൂഹ്യ മാധ്യമങ്ങള്‍ വഴി അസഭ്യം പറഞ്ഞുവെന്നാരോപിച്ച് അഖിലിനെ കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും പുറത്താക്കിയതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. വിദ്യാര്‍ഥി പ്രതിഷേധത്തിനെ തുടര്‍ന്ന് കഴിഞ്ഞ മാസം 18ന് സ്ഥലം എം.പി പി. കരുണാകരന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ വിദ്യാര്‍ഥിക്കെതിരായി എടുത്ത നടപടി പുനഃപരിശോധിക്കാന്‍ ധാരണയായിരുന്നു. എന്നാല്‍ നടപടി പിന്‍വലിക്കാന്‍ അധികൃതര്‍ തയ്യാറായില്ലെന്ന് മാത്രമല്ല കാമ്പസിനകത്ത് കയറുന്നതിനും അഖിലിന് വിലക്കേര്‍പ്പെടുത്തി. ഇതോടെ മാനസികപ്രയാസത്തിലായ അഖില്‍ അത്മഹത്യശ്രമം നടത്തിയിരുന്നു. ക്യാമ്പസിനകത്ത് വിദ്യാര്‍ഥി ആത്മഹത്യ ശ്രമം നടത്തിയതോടെ കേന്ദ്രസര്‍വ്വകലാശാലയില്‍ വീണ്ടും വിദ്യാര്‍ഥി സമരം ശക്തമായി. ഇതിനെ തുടര്‍ന്ന് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന സര്‍വ്വകക്ഷിയോഗം അഖിലിനെതിരായെടുത്ത നടപടി പിന്‍വലിക്കാന്‍ വി.സിയോട് അഭ്യര്‍ഥിച്ചിരുന്നു.

പുറത്താക്കിയ വിദ്യാര്‍ഥിയെ തിരിച്ചെടുക്കണമെന്ന നിലപാടില്‍ ജില്ലാ ഭരണകൂടവും പി കരുണാകരന്‍ എം.പിയും ഉറച്ച് നിന്നതോടെയാണ് നടപടി പിന്‍വലിക്കാന്‍ അധികൃതര്‍ തയ്യാറായത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചേര്‍ന്ന കേരള കേന്ദ്രസര്‍വ്വകലാശാല എക്സിക്യൂട്ടീവ് കൌണ്‍സില്‍ അഖിലിനെ പുറത്താക്കിയ നടപടി റദ്ദ്ചെയ്യുകയായിരുന്നു.

Similar Posts