കുന്നത്തുകളത്തില്‍ ധനകാര്യസ്ഥാപനങ്ങളുടെ ഉടമ ആത്മഹത്യ ചെയ്തു
|കുന്നത്തുകളത്തിൽ ചിട്ടിതട്ടിപ്പ് കേസില്‍ പ്രതിയായ വിശ്വനാഥൻ വിഷാദ രോഗത്തിന് ചികിത്സ നടത്തിക്കൊണ്ടിരിക്കെ ആശുപത്രി കെട്ടിടത്തിന് മുകളിൽ നിന്ന് ചാടുകയായിരുന്നു
ചിട്ടി തട്ടിപ്പ് കേസിലെ പ്രതിയും കുന്നത്തുകളത്തിൽ ധനകാര്യ സ്ഥാപനങ്ങളുടെ ഉടമയുമായ വിശ്വനാഥൻ ആശുപത്രി കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു. വിഷാദ രോഗത്തിന് ചികിത്സ നടത്തിക്കൊണ്ടിരിക്കെ ആശുപത്രി കെട്ടിടത്തിന് മുകളിൽ നിന്ന് ചാടുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. 150 കോടിയോളം രൂപയുടെ ചിട്ടിതട്ടിപ്പ് നടത്തിയ കേസിൽ മുഖ്യപ്രതിയായ വിശ്വനാഥൻ കഴിഞ്ഞ ആഴ്ചയാണ് ജാമ്യത്തിലിറങ്ങിയത്.
കഴിഞ്ഞ ദിവസം ജയിലിൽ നിന്ന് പുറത്തിറങ്ങിയ വിശ്വനാഥൻ വിഷാദ രോഗത്തിന് മൂന്ന് ദിവസം മുൻപ് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഈ ആശുപത്രിയിലെ ആറാം നിലയിലെ ടെറസിന് മുകളിൽ നിന്നും ചാടിയാണ് ആത്മഹത്യ. കെട്ടിടങ്ങൾ തമ്മിൽ ബന്ധിക്കുന്ന നടപ്പാലത്തിൽ തലയിടിച്ചാണ് മരണം. ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു സംഭവം.
നിക്ഷേപകരിൽ നിന്നും 150 കോടി രൂപ തട്ടിച്ച കേസിൽ മുഖ്യപ്രതിയാണ് കുന്നത്തുകളത്തിൽ വിശ്വനാഥൻ. ഭാര്യയും മക്കളും മരുമക്കളും അടക്കം ആറു പേരും കേസിലെ പ്രതികളാണ്. നേരത്തെ കോടതിയിൽ ഇവർ പാപ്പർ ഹർജി നൽകിയിരുന്നു. സ്വത്തു കണ്ടെത്തുന്നതിനായി കോട്ടയം സബ് കോടതി റിസീവറെ വെച്ച് വസ്തുവകകളുടെ മൂല്യം തിട്ടപ്പെടുത്തിയതാണ്. ആദ്യം ഒളിവിൽപോയ വിശ്വനാഥൻ പിന്നീട് പോലീസിൽ കീഴടങ്ങുകയായിരുന്നു. നിലവിൽ ക്രൈം ബ്രാഞ്ച് ആണ് കുന്നത്തുകളത്തിൽ ചിട്ടി തട്ടിപ്പ് അന്വേഷിക്കുന്നത്.