Kerala
ബന്ധു നിയമനം; കെ.ടി ജലീലിനെതിരെ നിലപാട് ശക്തമാക്കി യു.ഡി.എഫ്
Kerala

ബന്ധു നിയമനം; കെ.ടി ജലീലിനെതിരെ നിലപാട് ശക്തമാക്കി യു.ഡി.എഫ്

Web Desk
|
3 Nov 2018 3:22 PM GMT

സംസ്ഥാന ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷനിലെ ജനറല്‍ മാനേജര്‍ തസ്തികയിലേക്ക് യോഗ്യത മാനദണ്ഡത്തില്‍ തിരുത്തല്‍ വരുത്തി മന്ത്രി കെ.ടി ജലീലിന്റെ ബന്ധുവിനെ നിയമിച്ചതിനെതിരെ യൂത്ത് ലീഗാണ് ആദ്യം രംഗത്തെത്തിയത്

ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെ.ടി ജലീലിനെതിരെ യു.ഡി.എഫ് നിലപാട് ശക്തമാക്കുന്നു. സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ജലീലിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കെ.പി.എ മജീദും, മുല്ലപ്പള്ളി രാമചന്ദ്രനും രംഗത്തെത്തി. മന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് നേതാക്കള്‍ ഗവര്‍ണ്ണറെ സമീപിക്കും. രാജി ആവശ്യപ്പെട്ട് യൂത്ത് ലീഗ് പ്രതിഷേധപരിപാടികള്‍ ആരംഭിച്ചു.

സംസ്ഥാന ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷനിലെ ജനറല്‍ മാനേജര്‍ തസ്തികയിലേക്ക് യോഗ്യത മാനദണ്ഡത്തില്‍ തിരുത്തല്‍ വരുത്തി മന്ത്രി കെ.ടി ജലീലിന്റെ ബന്ധുവിനെ നിയമിച്ചതിനെതിരെ യൂത്ത് ലീഗാണ് ആദ്യം രംഗത്തെത്തിയത്. യോഗ്യത ഉള്ളവരാരും വരാത്ത സാഹചര്യത്തിലാണ് തന്റെ ബന്ധുവായ അദീപിനെ നിയമിച്ചതെന്ന വാദമായിരുന്നു മന്ത്രി കെ.ടി ജലീല്‍ നടത്തിയത്. എന്നാല്‍ മന്ത്രിയുടെ ബന്ധുവിന് നിയമനം നല്‍കാന്‍ രഹസ്യമായി വിജ്ഞാപനം ഇറക്കുകയായിരുന്നെന്ന് പി.കെ ഫിറോസ് ആരോപിച്ചു.

കെ.ടി ജലീലിനെതിരെ സമഗ്ര അന്വഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് സംശയമുളവാക്കുന്നതാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. കെ.ടി ജലീല്‍ കുറ്റസമ്മതം നടത്തിയ സാഹചര്യത്തില്‍ മന്ത്രി പദവിയില്‍ തുടരാന്‍ ധാര്‍മ്മികമായും നിയമപരമായും ജലീലിന് അവകാശം നഷ്ടപ്പെട്ടെന്നും കേസെടുത്ത് അന്വേഷണം നടത്തണമെന്നും മുസ്ലീലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് ആവശ്യപ്പെട്ടു. ജലീലിനെ മാറ്റി നിര്‍ത്തി അന്വേഷിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രസ്ഥാനവനയില്‍ പറഞ്ഞു.

Related Tags :
Similar Posts