മഹാ പ്രളയത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ട ദലിത് കുടുംബങ്ങള്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളില്‍
|ഇടുക്കി പൈനാവിലെ 56 കോളനി നിവാസികളാണ് ഇപ്പോഴും ക്യാമ്പില്‍ തുടരുന്നത്. ഉരുള്‍പൊട്ടലില്‍ നഷ്ടപ്പെട്ട സ്ഥലത്തിന് പകരം ഭയം കൂടാതെ ജീവിക്കാന്‍ സര്‍ക്കാര്‍ സ്ഥലം നല്‍കണമെന്നാണ് ഇവരുടെ ആവശ്യം
പ്രളയത്തെതുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും വീടും സ്ഥലവും നഷ്ടപ്പെട്ട ദലിത് കുടുംബങ്ങള്‍ സര്‍ക്കാര്‍ സഹായവും പ്രതീക്ഷിച്ച് ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുകയാണ്. ഇടുക്കി പൈനാവിലെ 56 കോളനി നിവാസികളാണ് ഇപ്പോഴും ക്യാമ്പില്‍ തുടരുന്നത്. ഉരുള്‍പൊട്ടലില്‍ നഷ്ടപ്പെട്ട സ്ഥലത്തിന് പകരം ഭയം കൂടാതെ ജീവിക്കാന്‍ സര്‍ക്കാര്‍ സ്ഥലം നല്‍കണമെന്നാണ് ഇവരുടെ ആവശ്യം.
സ്വന്തം കുട്ടികള്‍ക്കൊപ്പം ജീവതമാര്‍ഗമായ വളര്‍ത്ത് മൃഗങ്ങളെയും കൂട്ടിയാണ് 17 ദലിത് കുടുംബങ്ങള്‍ ഇടുക്കി ജില്ലയിലെ ഏക ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നത്. സര്‍ക്കാര്‍ ദുരിതാശ്വാസ തുക ഇപ്പോഴും ഇവര്‍ പ്രതീക്ഷിക്കുന്നു.
ഉണ്ടായിരുന്ന വീടും സ്ഥലവും, കൃഷിയിടവുമൊക്കെ പ്രളയകാലത്തെ ഉരുള്‍പൊട്ടലില്‍ നഷ്ടമായി. ഭയം കൂടാതെ കയറിക്കിടക്കാന്‍ ഉറപ്പുള്ള ഒരു തുണ്ട് ഭൂമിയും ചെറിയ ഒരു വീടും മാത്രമാണ് ഇവരുടെ ആവശ്യം.
വനത്തോട് ചേര്‍ന്നുള്ള 56 കോളനിയുടെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ 52ലേറെ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമാണ് ഉണ്ടായത്. ജിയോളജി വകുപ്പ് അടക്കം ഈ പ്രദേശം വാസയോഗ്യമല്ലെന്നാണ് കണ്ടെത്തിയതും. ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് ഒഴിയണമെന്ന അറിയിപ്പും ജില്ലാ ഭരണകൂടം നല്‍കി കഴിഞ്ഞു. ഇനി എങ്ങോട്ടെന്ന ചോദ്യം മാത്രമാണ് ഇവര്‍ക്കു മുമ്പില്‍.