നെടുമ്പാശ്ശേരി സ്വര്‍ണക്കടത്ത് കേസില്‍ നാടകീയ അറസ്റ്റ്
|ബംഗളൂരു സ്ഫോടന കേസില്‍ ജയിലില്‍ കഴിയുന്ന തടിയന്റവിട നസീറിന്റെ സഹോദരനാണ് പിടിയിലായവരില്‍ ഒരാള്‍. കേസില്‍ ഏഴ് പേരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
നെടുമ്പാശ്ശേരി സ്വര്‍ണക്കടത്ത് കേസില്‍ മലപ്പുറത്ത് നാടകീയമായ അറസ്റ്റ്. നെടുമ്പാശ്ശേരി വഴി കടത്തിയ സ്വര്‍ണം ചാലക്കുടി പോട്ടയില്‍ കവര്‍ച്ച ചെയ്ത നാല് പേരെയാണ് കരിപ്പൂരില്‍ നിന്ന് പിടികൂടിയത്.
ബംഗളൂരു സ്ഫോടന കേസില്‍ ജയിലില്‍ കഴിയുന്ന തടിയന്റവിട നസീറിന്റെ സഹോദരനാണ് പിടിയാളവരില് ഒരാള്‍. പതിനൊന്ന് പ്രതികളാണ് കേസിലുണ്ടായിരുന്നത്. ഏഴ് പേര് നേരത്തെ അറസ്റ്റിലായിരുന്നു. തടിയന്റവിട നസീറിന്റെ സഹോദരന് സുഹൈല്‍ ഉള്‍പ്പെടെ നാല് പേരാണ് ഇപ്പോള്‍ അറസ്റ്റിലായത്. ഇവരെ കരിപ്പൂര്‍ വിമാനത്താവള പരിസരത്ത് നിന്നാണ് അറസ്റ്റ് ചെയ്തതെന്നാണ് സൂചന. കൊടുവള്ളി സ്വദേശി വിദേശത്ത് നിന്ന് കൊണ്ട് വന്ന സ്വര്‍ണ്ണമാണ് ഇവര്‍ വാഹനവും വാഹനത്തിലുണ്ടായിരുന്നവരെയും ആക്രമിച്ച് തട്ടിയെടുത്തത്.
രേഖകളില്ലാതെ കൊണ്ട് വന്ന സ്വര്‍ണ്ണമായതിനാല്‍ പരാതി നല്‍കില്ലെന്നായിരുന്നു കവര്‍ച്ച സംഘത്തിന്റെ ധാരണ. എന്നാല്‍ സ്വര്‍ണ്ണം നഷ്ടപ്പെട്ടവര്‍ പരാതി നല്കി. തുടര്‍ന്ന് ചാലക്കുടി ഡി.വൈ.എസ്.പി സി.ആര് സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷണം ഊര്‍ജിതമായി മുന്നോട്ട് കൊണ്ട് പോയത്. തട്ടിയെടുത്ത സ്വര്‍ണം പോലീസ് കണ്ണൂരില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്.