പ്രളയ ദുരിതത്തില്‍ നിന്നും കരകയറാതെ അപ്പര്‍ കുട്ടനാട്
|വിത്തും വളവും ലഭിക്കാത്തതിനാല്‍ അപ്പര്‍കുട്ടനാട്ടില്‍ മിക്കയിടത്തും കൃഷി പുനരാരംഭിക്കാന്‍ സാധിച്ചില്ല
പ്രളയത്തിന്‍റെ ദുരിതത്തില്‍ നിന്നും കരകയറാതെ അപ്പര്‍കുട്ടനാട്ടിലെ നെല്‍കര്‍ഷകര്‍. വിത്തും വളവും ലഭിക്കാത്തതിനാല്‍ അപ്പര്‍കുട്ടനാട്ടില്‍ മിക്കയിടത്തും കൃഷി പുനരാരംഭിക്കാന്‍ സാധിച്ചില്ല. ബാങ്ക് ലോണ്‍ അടക്കം ലഭ്യമാക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും പലയിടത്തും കര്‍ഷകര്‍ കൃഷിയിറക്കാന്‍ സാമ്പത്തികമായി ബുദ്ധിമുട്ടുകയാണ്. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ പുഞ്ചകൃഷിയും വൈകുമെന്ന് കര്‍ഷകര്‍ പറയുന്നു.
വെള്ളപ്പൊക്കത്തെ തുടര്‍ന്ന് വിരിപ്പ് കൃഷി പൂര്‍ണ്ണമായും നഷ്ടമായിരുന്നു. ഇപ്പോള്‍ പുഞ്ചകൃഷി ഇറക്കാനും ഇവര്‍ സാധിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്. വെള്ളം കയറിയ പാടങ്ങള്‍ പലതും ഇപ്പോഴും കൃഷിയോഗ്യമാക്കിയിട്ടില്ല. ബണ്ടുകള്‍ തകര്‍ന്നത് പുനര്‍ നിര്‍മ്മിക്കാന്‍ സാധിക്കാത്തതിനോടൊപ്പം വെള്ളം വറ്റിക്കലും പലയിടത്തും തിരിച്ചടിയാണ്.
സൌജന്യമായി വിത്ത് ലഭ്യമാക്കുമെന്ന് സര്‍ക്കാര്‍ പറഞ്ഞിരുന്നുവെങ്കിലും വിത്ത് ലഭിക്കാത്ത സാഹചര്യമാണ് പലയിടങ്ങളിലും. സമാനമായ സ്ഥിതിയാണ് വളത്തിന്‍റെ കാര്യത്തിലും. ആദാര്‍ കാര്‍ഡ് ഇല്ലാതെ വളം നല്‍കില്ലെന്ന കേന്ദ്രസര്‍ക്കാരിന്റെ പുതിയ തീരുമാനവും കര്‍ഷകരെ ദുരിതത്തിലാക്കുന്നുണ്ട്.
സാമ്പത്തിക പ്രതിസന്ധിയും നെല്‍കര്‍ഷകരെ വലക്കുന്നുണ്ട്. കൃഷി പുനരാരംഭിക്കാന്‍ ലോണ്‍ അടക്കം നല്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും ബാങ്കുകളില്‍ നിന്നും കര്‍ഷകര്‍ക്ക് ഇപ്പോഴും അവഗണനയാണ് ഉണ്ടാകുന്നത്. പലയിടത്തും നെല്ലിന്‍റെ കുടിശികയും കൊടുത്ത് തീര്‍ക്കാറുണ്ട്.