ബന്ധു നിയമന വിവാദം: കെ.ടി ജലീലിനെതിരെ സമരം ശക്തമാക്കി യൂത്ത് ലീഗ്
|മാര്‍ച്ചിന് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. മന്ത്രിയുടെ വിശദീകരണങ്ങള്‍ ബൂമറാങ്ങായി മാറുന്നതായി മാര്‍ച്ച് ഉദ്ഘാടനം ചെയ്ത പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍ കുറ്റപ്പെടുത്തി.
ബന്ധു നിയമന വിവാദത്തില്‍ കുടുങ്ങിയ മന്ത്രി കെ.ടി ജലീലിനെതിരെ സമരം ശക്തമാക്കി യൂത്ത് ലീഗ്.തിരുവനന്തപുരത്ത് പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ റോഡ് ഉപരോധിച്ചു. ന്യൂനപക്ഷ വികസന ധനകാര്യ കോര്പ്പറേഷന് ആസ്ഥാനത്തേക്ക് നടത്തിയ മാര്‍ച്ചിന് പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
കെ.ടി ജലീലിന്റെ ബന്ധുവിനെ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷില്‍ ജനറല്‍ മാനേജറായി നിയമിച്ചത് ചട്ടം ലംഘിച്ചാണെന്ന് വ്യക്തമാക്കുന്ന രേഖകകള്‍ പുറത്ത് വിട്ടതിന് പിന്നാലെയാണ് യൂത്ത് ലീഗ് പ്രതിഷേധം ശക്തമാക്കിയത്. മന്ത്രി രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട കോഴിക്കോട് ന്യൂനപക്ഷ വികസന ധനകാര്യ കോര്പ്പറേഷന് ആസ്ഥാനത്തേക്ക് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. മാര്‍ച്ചിന് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. മന്ത്രിയുടെ വിശദീകരണങ്ങള്‍ ബൂമറാങ്ങായി മാറുന്നതായി മാര്‍ച്ച് ഉദ്ഘാടനം ചെയ്ത പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍ കുറ്റപ്പെടുത്തി.
പ്രവര്‍ത്തകരെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു നീക്കി. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നിലാണ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചത്. വരും ദിവസങ്ങളിലും സമരം ശക്തമാക്കാനാണ് യൂത്ത് ലീഗ് തീരുമാനം.