ശബരിമല വിഷയവുമായി ബന്ധപ്പെട്ട് നിരവധി ഹരജികള്‍ ഇന്ന് ഹൈക്കോടതിയില്‍
|മണ്ഡലകാലത്ത് താല്കാലികമായി ശബരിമലയിലേക്ക് 1680 പേരെ നിയമിക്കാനുള്ള സര്‍ക്കാര്‍ നീക്കം തടയണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയില്‍ സര്‍ക്കാരിന്റെ വിശദീകരണം നല്കും.
ശബരിമല വിഷയവുമായി ബന്ധപ്പെട്ട് നിരവധി ഹരജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. മണ്ഡലകാലത്ത് താല്കാലികമായി ശബരിമലയിലേക്ക് 1680 പേരെ നിയമിക്കാനുള്ള സര്‍ക്കാര്‍ നീക്കം തടയണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയില്‍ സര്‍ക്കാരിന്റെ വിശദീകരണം നല്കും. അക്രമത്തിന്റെ വീഡിയോ ദ്യശ്യങ്ങളും പൊലീസ് ഇന്ന് കോടതിയില്‍ ഹാജരാക്കിയേക്കും.
ശബരിമല വിഷയവുമായി ബന്ധപ്പെട്ട് നിരവധി ഹരജികളാണ് ഇന്ന് ഹൈക്കോടതി ദേവസ്വം ബഞ്ചിന്റെ പരിഗണനയില്‍ വരുന്നത്. മണ്ഡലകാലത്ത് താല്കാലികമായി 1680 പേരെ നിയമിക്കാനുള്ള നീക്കം തടയണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയില്‍ സര്‍ക്കാര്‍ ഇന്ന് വിശദീകരണം നല്കിയേക്കും.1650 പേരെ സന്നിധാനത്തും 30 പേരെ നിലയ്ക്കലും നിയമിക്കാനാണ് ദേവസ്വം ബോര്‍ഡിന്റെ തീരുമാനം. ഈ നിയമനം ചില രാഷ്ട്രീയ താല്പര്യപ്രകാരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി. വിശ്വാസികളുടെ മതവിശ്വാസത്തിനുള്ള സ്വാതന്ത്ര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടുന്നുവെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹരജിയും കോടതി പരിഗണിക്കും. സന്നിധാനത്തെ തിരക്ക് നിയന്ത്രിക്കാന്‍ സമയക്രമീകരണം നടത്തുന്നത് വിശ്വാസത്തില്‍ മേലുള്ള കടന്നുകയറ്റമാണെന്നാണ് ഹരജിക്കാരന്റെ വാദം.
മുഖ്യമന്ത്രി പിണറായി വിജയനേയും ദേവസ്വം മന്ത്രിയോയും എതിര്‍കക്ഷിയാക്കിയാണ് ഹരജി. ഈ ഹരജിയിലും സര്‍ക്കാര്‍ നിലപാടറിയിക്കും. പൊലീസ് അകാരണമായി കേസില്‍ കുടുക്കിയെന്നാരോപിച്ച് തൃപ്പൂണിത്തുറ സ്വദേശി നല്കിയ ഹരജിയില്‍ പൊലീസ് അക്രമത്തിന്റെ ദ്യശ്യങ്ങള്‍ ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശം നല്കിയിട്ടുണ്ട്. ദ്യശ്യങ്ങള്‍ ഇന്ന് പൊലീസ് കോടതിയില്‍ ഹാജരാക്കിയേക്കും. ശബരിമലയില്‍ അക്രമം നടത്തിയ പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് പത്തനംതിട്ട സ്വദേശികള്‍ നല്കിയ ഹരജിയുള്‍പ്പെടെ ഇന്ന് കോടതിയുടെ പരിഗണനയിലെത്തുന്നുണ്ട്.