Kerala
സന്നിധാനത്തെ സംഘര്‍ഷം: കണ്ടാലറിയാവുന്ന 200 പേര്‍ക്കെതിരെ കേസ്
Kerala

സന്നിധാനത്തെ സംഘര്‍ഷം: കണ്ടാലറിയാവുന്ന 200 പേര്‍ക്കെതിരെ കേസ്

Web Desk
|
6 Nov 2018 7:43 AM GMT

സ്ത്രീകള്‍ ദര്‍ശനത്തിന് എത്തിയെന്ന വാര്‍ത്ത വന്നതോടെ പ്രതിഷേധവുമായി എത്തിയവരെ നിയന്ത്രിക്കാന്‍ പൊലീസിന് ആയില്ല. പകരം ആര്‍.എസ്.എസ് നേതാവിനെ ഉപയോഗിച്ചാണ് സംഘര്‍ഷം നിയന്ത്രിച്ചത്.

കനത്ത പൊലീസ് സുരക്ഷക്കിടയിലും സന്നിധാനത്ത് പൊലീസിന് നിയന്ത്രണം നഷ്ടമായി. സ്ത്രീകള്‍ ദര്‍ശനത്തിന് എത്തിയെന്ന വാര്‍ത്ത വന്നതോടെ പ്രതിഷേധവുമായി എത്തിയവരെ നിയന്ത്രിക്കാന്‍ പൊലീസിന് ആയില്ല. ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരിയാണ് പൊലീസ് മൈക്കിലൂടെ പ്രതിഷേധക്കാരെ നിയന്ത്രിച്ചത്. എന്നാല്‍ സന്നിധാനത്തെ നിയന്ത്രണം പൊലീസിന് തന്നെയാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സന്നിധാനത്തെ സംഘര്‍ഷത്തില്‍ കണ്ടാലറിയാവുന്ന 200 പേര്‍ക്കെതിരെ കേസെടുത്തു.

രാവിലെ യുവതികള്‍ ശബരിമല ദര്‍ശനത്തിന് എത്തിയെന്ന വാര്‍ത്ത പ്രചരിച്ചതോടെ സന്നിധാനത്ത് പ്രതിഷേധം തുടങ്ങിയത്.സ്ത്രീകള്‍ പൊലീസ് സുരക്ഷയില്‍ ദര്‍ശനത്തിന് എത്തിയതോടെ പ്രതിഷേധം കനത്തു. മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ക്ക് നേരെ പ്രതിഷേധമുണ്ടായി. മാതൃഭൂമി റിപ്പോര്‍ട്ടര്‍ ബിജു പങ്കജ്, കാമറമാന്‍ വിഷ്ണു, അമൃത ടിവി കാമറമാന്‍ ബിജു മുരളീധരന്‍ എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്.

ഈ സമയത്താണ് ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരി പൊലീസ് മൈക്കിലൂടെ പ്രതിഷേധക്കാരെ അനുനയിപ്പിച്ചത്. ആചാരലംഘനം തടയാന്‍ പൊലീസുകാരും വളന്‍റിയര്‍മാരും തയ്യാറായി നില്‍ക്കുന്നുണ്ടെന്നായിരുന്നു സന്നിധാനത്ത് തില്ലങ്കേരിയുടെ പ്രസംഗം.

നിരോധനാജ്ഞ പ്രഖ്യാപിച്ചും രണ്ട് ഐജിമാരുടെ നേതൃത്വത്തില്‍ സന്നിധാനത്തും പരിസരത്തും വന്‍ സുരക്ഷ ഒരുക്കിയിട്ടും പ്രതിഷേധം നേരിടാന്‍ പൊലീസിനായില്ല. പകരം ആര്‍.എസ്.എസ് നേതാവിനെ ഉപയോഗിച്ചാണ് സംഘര്‍ഷം നിയന്ത്രിച്ചത്.

രണ്ട് മണിക്കൂര്‍ മാത്രമേ ദര്‍ശനത്തിനെത്തിയവരെ സന്നിധാനത്ത് തങ്ങാന്‍ അനുവദിക്കൂയെന്ന പൊലീസ് തീരുമാനവും നടപ്പാകുന്നില്ല എന്നതിന്റെ തെളിവാണ് യുവതികള്‍ കയറിയെന്ന വാര്‍ത്തയെത്തുടര്‍ന്ന് തടിച്ചുകൂടിയ പ്രതിഷേധക്കാര്‍. എന്നാല്‍ സന്നിധാനത്തിന്റെ നിയന്ത്രണം പൊലീസിന് തന്നെയാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. രാവിലെ ഉണ്ടായ സംഘര്‍ഷത്തില്‍ കണ്ടാലറിയുന്ന 200 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

Similar Posts