ശബരിമലയില്‍ പൊലീസ് നോക്കിനില്‍ക്കെ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ അഴിഞ്ഞാട്ടം
|സന്നിധാനത്തെത്തിയ സ്ത്രീയെയും കുടുംബത്തെയും മാധ്യമങ്ങളെയും ആക്രമിച്ചു
ശബരിമലയില്‍ പൊലീസ് നോക്കിനില്‍ക്കെ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ അഴിഞ്ഞാട്ടം. സന്നിധാനത്തെത്തിയ സ്ത്രീയെയും കുടുംബത്തെയും മാധ്യമങ്ങളെയും ആക്രമിച്ചു. സംഘര്‍ഷമുണ്ടായപ്പോള്‍ പൊലീസ് മൈക്ക് ഉപയോഗിച്ചും പതിനെട്ടാം പടിയില്‍ കയറിയും ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരി പ്രതിഷേധക്കാരെ നിയന്ത്രിച്ചു. സന്നിധാനത്തെ അക്രമ സംഭവങ്ങളില്‍ 200 പേര്‍ക്കെതിരെ കേസെടുത്തു.
രാവിലെ യുവതികള്‍ ശബരിമല ദര്‍ശനത്തിന് എത്തിയെന്ന വാര്‍ത്ത പ്രചരിച്ചതോടെയാണ് സംഘപരിപാര്‍ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ അക്രമസംഭവങ്ങള്‍ തുടങ്ങിയത്. തൃശൂരില്‍ നിന്നുള്ള സ്ത്രീയെയും കുടുംബത്തെയും പ്രതിഷേധക്കാര്‍ കൈയേറ്റം ചെയ്തു. പിന്നാലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും ആക്രമണമുണ്ടായി.
സംഘര്‍ഷം രൂക്ഷമായതോടെ പൊലീസിന് നിയന്ത്രണം നഷ്ടമായി. വത്സന്‍ തില്ലങ്കേരി പതിനെട്ടാം പടിയില്‍ കയറി നിന്ന് പടിയ്ക്ക് താഴെ നില്‍ക്കുന്ന അനുയായികളോട് സംസാരിച്ചു. പൊലീസ് മൈക്ക് വാങ്ങി പ്രതിഷേധക്കാരെ അനുനയിപ്പിക്കാന്‍ ശ്രമിച്ചു.
മല കയറുന്ന സ്ത്രീകളുടെ വയസ് ബോധ്യപ്പെടണമെന്ന് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്ന കാഴ്ചയും സന്നിധാനത്ത് കണ്ടു. രണ്ട് ഐ.ജിമാരുടെ നേതൃത്വത്തില്‍ സന്നിധാനത്തും പരിസരത്തും വന്‍ സുരക്ഷ ഒരുക്കിയിട്ടും പോലീസ് നോക്കുകുത്തിയായിരുന്നു. കണ്ടാലറിയാവുന്ന 200 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
വത്സന്‍ തില്ലങ്കേരി പതിനെട്ടാം പടിയില്‍ കയറി സംസാരിച്ച സംഭവം ദേവസ്വം ബോര്‍ഡ് അന്വേഷിക്കും. എന്നാല്‍ സന്നിധാനത്തിന്‍റെ നിയന്ത്രണം ഇപ്പോഴും പൊലീസിന് തന്നെയാണ് മുഖ്യമന്ത്രി അവകാശപ്പെട്ടു.