ശബരിമല നട ഇന്ന് രാത്രി പത്ത് മണിയ്ക്ക് അടയ്ക്കും: നവംബർ 16ന് തുറക്കും
|മണ്ഡലമാസ പൂജകള്‍ക്കായി നവംബര്‍ 16 ന് വൈകിട്ട് ക്ഷേത്ര നട തുറക്കും. അന്ന് ശബരിമല-മാളികപ്പുറങ്ങളിലേക്കുള്ള പുതിയ മേല്‍ശാന്തിമാരുടെ അവരോധ ചടങ്ങും നടക്കും.
ആട്ട ചിത്തിര പൂജകൾക്കായി തുറന്ന ശബരിമല നട ഇന്ന് രാത്രി പത്ത് മണിയ്ക്ക് അടയ്ക്കും. ഇനി നവംബർ 16ന് മണ്ഡലകാല പൂജയ്ക്ക് വേണ്ടിയാകും നട തുറക്കുക. വന്‍ ഭക്തജന തിരക്കാണ് സന്നിധാനത്തുള്ളത്.
ഇന്നലെ വൈകിട്ട് അഞ്ച് മണിയ്ക്ക് തുറന്ന ശബരിമല സന്നിധാനത്ത് ഇന്നലെ പ്രത്യേക പൂജകൾ ഒന്നും ഉണ്ടായിരുന്നില്ല. ഇന്ന് രാവിലെ അഞ്ച് മണിയ്ക്ക് നിർമ്മാല്യ ദർശനത്തോടെയാണ് നട തുറന്നത്. അതിനുശേഷം നെയ്യഭിഷേകം, ഗണപതി ഹോമം, ഉഷപൂജ, ഉച്ചപൂജ എന്നിവ നടന്നു. തുടര്‍ന്ന് കലശാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം തുടങ്ങിയവും ചിത്തിര ആട്ട തിരുനാള്‍ വിശേഷ ദിനത്തില്‍ അയ്യപ്പ സന്നിധിയില്‍ നടക്കും. അത്താഴ പൂജയക്ക് ശേഷം പത്ത് മണിയോടെ ഹരിവരാസനം പാടിയാണ് നട അടയ്ക്കുക. പതിവിൽ നിന്ന് വ്യത്യസ്തമായി ചിത്തിര ആട്ടവിശേഷ പൂജ തൊഴാൻ ആയിരക്കണക്കിന് ഭക്തരാണ് ശരണ വിളികളുമായി എത്തിയത്.
മണ്ഡലമാസ പൂജകള്‍ക്കായി നവംബര്‍ 16 ന് വൈകിട്ട് ക്ഷേത്ര നട തുറക്കും. അന്ന് ശബരിമല-മാളികപ്പുറങ്ങളിലേക്കുള്ള പുതിയ മേല്‍ശാന്തിമാരുടെ അവരോധ ചടങ്ങും നടക്കും. പുതിയ മേല്‍ശാന്തിമാര്‍ ആയിരിക്കും വൃശ്ചികം ഒന്നിന് നട തുറക്കുക.