അയ്യപ്പഭക്തന്റെ മരണവുമായി ബന്ധപ്പെട്ട പരാമര്‍ശം: ശ്രീധരന് പിളളക്കെതിരെ കേസെടുക്കാനാകില്ലെന്ന് പൊലീസ്
|നിലയ്ക്കലിലെ ശിവദാസന്റെ മരണവുമായി ബന്ധപ്പെട്ട പരാമര്‍ശത്തില്‍ ബി.ജെ.പി അധ്യക്ഷന്‍ പി.എസ് ശ്രീധരന് പിളളക്കെതിരെ പ്രഥമദൃഷ്ട്യാകേസെടുക്കാനാകില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍.
നിലയ്ക്കലിലെ ശിവദാസന്റെ മരണവുമായി ബന്ധപ്പെട്ട പരാമര്‍ശത്തില്‍ ബി.ജെ.പി അധ്യക്ഷന്‍ പി.എസ് ശ്രീധരന് പിളളക്കെതിരെ പ്രഥമദൃഷ്ട്യാകേസെടുക്കാനാകില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍. കൂടുതല്‍ പരിശോധന നടത്താന്‍ പരാതി സ്പെഷ്യല്‍ ബ്രാഞ്ചിന് കൈമാറി.
ശബരിമല വിഷയത്തില്‍ പന്തളം സ്വദേശി ശിവദാസന്റെ മരണത്തെ മുന്‍നിര്‍ത്തി മതസ്പര്‍ദ്ധയുണ്ടാക്കുന്ന പരാമര്‍ശം നടത്തുന്നുവെന്നായിരുന്നു ശ്രീധരന് പിളളക്കെതിരായ പരാതി. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്കാണ് അഭിഭാഷകനായ പ്രമോദ് പുഴങ്കര പരാതി നൽകിയിരുന്നത്. ശിവദാസന്റെ മരണം നിലയ്ക്കലിലെ പൊലീസ് നടപടി മൂലമാണെന്ന് നേരത്തേ ശ്രീധരന്‍പിളള ആരോപിച്ചിരുന്നു. ശിവദാസന്റെ മരണത്തിൽ ശ്രീധരൻപിള്ള വ്യാജ പ്രചരണം നടത്തിയെന്നും പരാതിയിൽ പറയുന്നു.
എന്നാല്‍ പരാതിയിന്മേല് പ്രഥമ ദൃഷ്ട്യാ മതസ്പര്‍ദ്ധ വളര്‍ത്തുന്നു എന്ന തരത്തില്‍ കേസെടുക്കാനുളള കാരണങ്ങളില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു. പരാതി വിശദമായി പരിശോധിക്കാന്‍ സ്പെഷ്യല്‍ ബ്രാഞ്ചിന് കൈമാറി. മരണ കാരണം സംബന്ധിച്ചു പ്രാഥമിക റിപ്പോർട്ടോ പോസ്റ്റ്മാർട്ടം റിപ്പോർട്ടോ വരുന്നതിനും മുൻപ് പോലിസ് കൊന്നുവെന്ന രീതിയിൽ പ്രചാരണം നടത്തി ഹർത്താലിന് ആഹ്വാനം ചെയ്തത് ഗൂഡ ലക്ഷ്യത്തോടെയാണെന്നും പരാതിയില്‍ പറയുന്നുണ്ട്. ബി.ജെ.പി അദ്ധ്യക്ഷൻ എന്ന നിലയിൽ ശ്രീധരൻ പിള്ളയുടെ ഫേസ്ബുക്ക് പേജിലെ കുറിപ്പുകളും പരസ്യ പ്രസ്താവനകളും പ്രസംഗങ്ങളും ആധാരമാക്കിയായിരുന്നു പരാതി നല്‍കിയത്.