കെവിന്റെ കൊല ദുരഭിമാനക്കൊലയായി പരിഗണിക്കാമെന്ന് കോടതി
|ദുരഭിമാനക്കൊലയായി പരിഗണിച്ച് വേഗത്തിൽ വിചാരണ പൂർത്തിയാക്കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം.
കെവിന് കേസ് ദുരഭിമാനക്കൊലയായി കണക്കാക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി അംഗീകരിച്ചു. ആറ് മാസം കൊണ്ട് വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കി വിധി പറയും. പ്രണയിച്ച് വിവാഹം കഴിച്ചതിന് മെയ് 27നാണ് കോട്ടയം സ്വദേശി കെവിന് കൊല്ലപ്പെടുന്നത്.
കെവിൻ വധക്കേസിൽ വിചാരണ നടപടികൾ ആറു മാസത്തിനകം പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വ. സി.എസ് അജയനാണ് അപേക്ഷ നല്‍കിയത്. ഇത് പരിഗണിച്ച്, വിശദമായ വാദം കേട്ട കോടതി കേസ് ദുരഭിമാന കൊലയായി പരിഗണിച്ച് അതിവേഗം വിചാരണ പൂര്‍ത്തിയാക്കാന്‍ ഉത്തരവിടുകയായിരുന്നു. ഇതോടെ ആറ് മാസത്തിനുള്ളില്‍ കേസില്‍ കോടതി വിധി പറയും.
കഴിഞ്ഞ മെയ് 27നാണ് എസ്.എച്ച് മൗണ്ട് സ്വദേശിയായ കെവിനെ പ്രണയ ബന്ധത്തിന്റെ പേരിൽ കാമുകിയായ നീനുവിന്റെ ബന്ധുക്കൾ ചേർന്ന് തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയത്. കേസിൽ നീനുവിന്റെ പിതാവ് ചാക്കോ, സഹോദരൻ ഷാനു എന്നിവരടക്കം പന്ത്രണ്ടു പേർ പ്രതികളാണ്. കഴിഞ്ഞ മാസമാണ് കേസിൽ അന്വേഷണ സംഘത്തലവൻ ഡിവൈ.എസ്.പി ഗിരീഷ് പി. സാരഥി കുറ്റപത്രം സമർപ്പിച്ചത്.