Kerala
കുടുംബശ്രീയില്‍ നടന്ന അനധികൃത നിയമനങ്ങളെക്കുറിച്ചുള്ള വിജിലന്‍സ് അന്വേഷണം എങ്ങുമെത്തിയില്ല
Kerala

കുടുംബശ്രീയില്‍ നടന്ന അനധികൃത നിയമനങ്ങളെക്കുറിച്ചുള്ള വിജിലന്‍സ് അന്വേഷണം എങ്ങുമെത്തിയില്ല

Web Desk
|
7 Nov 2018 2:36 AM GMT

ഇത് സംബന്ധിച്ച മീഡിയവണ്‍ വാര്‍ത്തകളെത്തുടര്‍ന്ന് യൂത്ത് ലീഗ് നല്‍കിയ പരാതിയിലായിരുന്നു വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത്.

റാങ്ക് ലിസ്റ്റ് അട്ടിമറിച്ച് കുടുംബശ്രീയില്‍ നടന്ന അനധികൃത നിയമനങ്ങളെക്കുറിച്ചുള്ള വിജിലന്‍സ് അന്വേഷണം ആറ് മാസം കഴിഞ്ഞിട്ടും എങ്ങുമെത്തിയില്ല. തദ്ദേശസ്വയംഭരണ മന്ത്രിയായിരുന്ന സമയത്ത് കെ.ടി ജലീല്‍ ഇഷ്ടക്കാരെ പ്രധാന പദവിയില്‍ തിരുകി കയറ്റിയെന്നായിരുന്നു ആക്ഷേപം.ഇത് സംബന്ധിച്ച മീഡിയവണ്‍ വാര്‍ത്തകളെത്തുടര്‍ന്ന് യൂത്ത് ലീഗ് നല്‍കിയ പരാതിയിലായിരുന്നു വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത്.തുടരന്വേഷണത്തിന് മേല്‍നോട്ടം വഹിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് നാളെ ഹൈക്കോടതിയെ സമീപിക്കും.

കുടുംബശ്രീയില്‍ റാങ്ക് ലിസ്റ്റ് അട്ടിമറിച്ച് നിയമനം നടത്തിയതിന്റെ തെളിവുകളടക്കം വെച്ചാണ് മീഡിയവണ്‍ വാര്‍ത്ത പരമ്പര ചെയ്തത്.മന്ത്രി നിയമനങ്ങളില്‍ ഇടപെട്ടന്ന് തെളിയിക്കുന്ന കുടുംബശ്രീ മുന്‍ ഡയറക്ടര്‍ എന്‍.കെ ജയയുടെ ടെലിഫോണ്‍ സംഭാഷണവും തൊട്ടുപുറകെ പുറത്തുവന്നു.ഇതേത്തുടര്‍ന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് വിജിലന്‍സിനെ സമീപിച്ചു.തിരുവനന്തപുരം വിജിലന്‍സ് യൂണിറ്റ് രണ്ടിലെ ഡി.വൈ.എസ്.പി കെ.വി മഹേഷ് ദാസിനായിരുന്നു അന്വേഷണ ചുമതല. പി.കെ ഫിറോസിന്റെ മൊഴിയും രേഖപ്പെടുത്തി.പിന്നീടത് വരെ തുടര്‍ നടപടികളൊന്നും ഉണ്ടാവാത്ത സാഹചര്യത്തിലാണ് യൂത്ത് ലീഗ് ഹൈക്കോടതിയെ സമീപിക്കുന്നത്.കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഹരി കിഷോര്‍ ഐ.എ.എസും അന്വേഷണ പരിധിയിലുണ്ട്. അന്വേഷണവുമായി ബന്ധപ്പെട്ടുള്ള പരിശോധനകള്‍ നടക്കുകയാണന്ന വിശദീകരമാണ് വിജിലന്‍സില്‍ നിന്ന് ലഭിച്ചത്.

Related Tags :
Similar Posts