ശബരിമല കലാപഭൂമിയാക്കുകയാണ് സംഘപരിവാര്‍ ലക്ഷ്യമെന്ന് മുഖ്യമന്ത്രി
|രാജ്യത്തിന്റെ നിയമസംഹിതകളെ മുഴുവന്‍ വെല്ലുവിളിക്കുന്ന സംഘപരിവാര്‍ ശബരിമലയെ കൈപിടിയില്‍ ഒതുക്കാനായി വലിയ നുണകള്‍ പ്രചരിപ്പിക്കുകയായാണ്.
ശബരിമലയില്‍ ആചാര ലംഘനം നടത്തി കലാപഭൂമിയാക്കുകയാണ് സംഘപരിവാര്‍ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഘപരിവാര്‍ നേതാക്കള്‍ തന്നെ ആചാരം ലംഘിച്ച് 18 ആം പടി കയറിയതിലൂടെ ലക്ഷ്യം വ്യക്തമായി.
വിശ്വാസികളെയടക്കം സന്നിധാനത്ത് ആക്രമിച്ചു വലിയതോതില്‍ സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിച്ചപ്പോഴും പോലീസ് ആത്മ സംയമനം പാലിച്ചത് സന്നിദാനമെന്ന പരിമിതിയുള്ളതിനാലാണെന്നും പിണറായി പറഞ്ഞു. രാജ്യത്തിന്റെ നിയമസംഹിതകളെ മുഴുവന്‍ വെല്ലുവിളിക്കുന്ന സംഘപരിവാര്‍ ശബരിമലയെ കൈപിടിയില്‍ ഒതുക്കാനായി വലിയ നുണകള്‍ പ്രചരിപ്പിക്കുകയായാണ്. ശബരിമലയുടെ പവിത്രത നിലനിര്‍ത്തുകയല്ല സംഘപരിവാര്‍ ലക്ഷ്യമെന്നും നേതാക്കളുടെ ആചാര ലംഘനം ഉയര്‍ത്തി കാട്ടി മുഖ്യമന്ത്രി വിശദീകരിച്ചു.
പോലീസ് സേനയുടെ വലിയ വിന്യാസം ഉണ്ടായിരുന്നെങ്കിലും ശബരിമല സന്നിധിയെന്ന പരിമിതി നിലനിന്നിരുന്നു. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളയേയും മുഖ്യമന്ത്രി കണക്കിന് പരിഹസിച്ചു. തന്ത്രി സമൂഹത്തോട് സര്‍ക്കാരിന് യാതൊരു എതിര്‍പ്പുമില്ല. പക്ഷേ ആരാധാനാലയത്തെ തകര്‍ക്കുന്നവരുടെ കൈയിലെ കരുവാകരുതെന്ന് മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. സംഘപരിവാറിനെ കടന്നാക്രമിച്ച് പിണറായി. പരിവാര്‍ ലക്ഷ്യം കലാപം മാത്രം.