കെ.ടി ജലീലിനെതിരായ നിയമനവിവാദം: തെളിവുള്ളവര്‍ കോടതിയെ സമീപിക്കട്ടെയെന്ന് കോടിയേരി
|തെളിവുകള്‍ ഉള്ളവര്‍ കോടതിയെ സമീപിക്കട്ടെയെന്നും കോടിയേരി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.
മന്ത്രി കെ.ടി ജലീലിനെതിരായ ബന്ധു നിയമന വിവാദത്തില്‍ തെളിവുള്ളവര്‍ കോടതിയെ സമീപിക്കട്ടെയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എല്ലാ കാര്യങ്ങളും പാര്‍ട്ടി പരിശോധിക്കുന്നുണ്ടെന്നും കോടിയേരി വ്യക്തമാക്കി. കെ.ടി ജലീല്‍ ഉച്ചക്ക് എകെ സെന്ററിലെത്തി കോടിയേരിയുമായി കൂടിക്കാഴ്ച നടത്തി. എന്നാല്‍ കൂടിക്കാഴ്ച സ്വാഭാവികം മാത്രമാണെന്ന് കെ.ടി ജലീല്‍ പ്രതികരിച്ചു.
ബന്ധുനിയമന വിവാദത്തില്‍ കെ.ടി ജലീലിനെതിരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്ന് വന്നിരുന്നെങ്കിലും മുഖ്യമന്ത്രിയോ, പാര്‍ട്ടി സെക്രട്ടറിയോ ഇക്കാര്യങ്ങളെ കുറിച്ച് പ്രതികരിച്ചിരുന്നില്ല. ഉച്ചക്ക് കെ.ടി ജലീല്‍ എ.കെ.ജി സെന്ററിലെത്തി കോടിയേരി കണ്ട് നിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിച്ചു. 20 മിനിട്ടോളം കൂടിക്കാഴ്ച നീണ്ട് നിന്നു. മുഖ്യമന്ത്രിയോ പാര്‍ട്ടി സെക്രട്ടറിയോ തന്നോട് വിശദീകരണം ചോദിച്ചിട്ടില്ലെന്നും കോടിയേരിമായുള്ള കൂടിക്കാഴ്ച സ്വാഭാവികം മാത്രമാണെന്നും കെ.ടി ജലീല്‍ പറഞ്ഞു.
നാളെ ചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ബന്ധു നിയമന വിവാദം ചര്‍ച്ച ചെയ്‌തേക്കും.