Kerala
കേരള നിയമസഭയില്‍ നിന്ന് അയോഗ്യരാക്കപ്പെട്ടവര്‍ ഇവരാണ്
Kerala

കേരള നിയമസഭയില്‍ നിന്ന് അയോഗ്യരാക്കപ്പെട്ടവര്‍ ഇവരാണ്

പ്രതാപ് വി.കെ
|
12 Nov 2018 6:01 AM GMT

കേരള നിയമസഭയില്‍നിന്ന് ഇതിനു മുന്‍പും എം.എല്‍.എ സ്ഥാനത്തില്‍നിന്ന് അയോഗ്യരാക്കപ്പെട്ടവര്‍ നിരവധിയാണ്

അഴീക്കോട് മണ്ഡലത്തില്‍നിന്ന് 2016 ലെ തെരഞ്ഞെടുപ്പില്‍ വിജയിച്ച മുസ്‍ലിം ലീഗ് സ്ഥാനാര്‍ത്ഥി കെ.എം.ഷാജിയെ അയോഗ്യനാക്കി ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരുന്നുെ. എന്നാല്‍ കെ.എം.ഷാജിയെ അയോഗ്യനാക്കിയ ഹൈക്കോടതി വിധിക്ക് ഇന്ന് താല്കാലിക സ്റ്റേ അനുവദിച്ചു. രണ്ടാഴ്ചത്തെ സ്റ്റേയാണ് അനുവദിച്ചത്. 2287 വോട്ടിനാണ് സി.പി.എമ്മിലെ എം.വി നികേഷ്കുമാറിനെ കെ.എം ഷാജി പരാജയപ്പെടുത്തിയിരുന്നത്.

കേരള നിയമസഭയില്‍ നിന്ന് ഇതിനു മുന്‍പും എം.എല്‍.എ സ്ഥാനത്തില്‍നിന്ന് അയോഗ്യരാക്കപ്പെട്ടവര്‍ നിരവധിയാണ്

ആദ്യ കേരള നിയമസഭയിലെ വനിതാ എം.എല്‍.എ സി.പി.ഐയിലെ റോസമ്മ പുന്നൂസാണ് ആദ്യമായി അയോഗ്യയാക്കപ്പെട്ടത്. ദേവികുളം ദ്വയാംഗ മണ്ഡലത്തിലെ ജനറല്‍സീറ്റില്‍നിന്നായിരുന്നു റോസമ്മ പുന്നൂസ് തെരഞ്ഞെടുക്കപ്പെട്ടിരുന്നത്. റോസമ്മയുടെ തെരഞ്ഞെടുപ്പ് ഇലക്ഷന്‍ ട്രിബ്യൂണല്‍ അസാധുവാക്കിയതിനെ തുടര്‍ന്ന് 1958 മെയ് 16ന് കേരളത്തിലെ ആദ്യ ഉപതെരഞ്ഞെടുപ്പ് നടന്നു. മാര്‍ക്കിങ്ങ് സിസ്റ്റത്തിലൂടെ നടന്ന ആദ്യ തെരഞ്ഞെടുപ്പായ ഇതില്‍ റോസമ്മ പുന്നൂസ് വീണ്ടും തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. അങ്ങനെ ഒരേ നിയമസഭയില്‍ രണ്ടു പ്രാവശ്യം എം.എല്‍.എ ആയി സത്യപ്രതിജ്ഞ ചെയ്യാനുള്ള അപൂര്‍വാവസരം റോസമ്മ പുന്നൂസിന് ലഭിച്ചു. കോടതി വിധിയിലൂടെ നിയമസഭാംഗത്വം നഷ്ടപ്പെട്ട ആദ്യവ്യക്തിയും റോസമ്മയാണ്.

ये भी पà¥�ें- കെ.എം ഷാജിയുടെ അയോഗ്യതക്ക് താത്കാലിക സ്റ്റേ

കെ.എം മാണി | റോസമ്മ പുന്നൂസ് | സി.എച്ച് മുഹമ്മദ് കോയ

കേരളാ കോണ്‍ഗ്രസ് നേതാവ് കെ.എം മാണിയാണ് അയോഗ്യതയുടെ രുചിയറിഞ്ഞ മറ്റൊരു എംഎല്‍എ. 1977ല്‍ പാലായിലെ തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കിയതിനെ തുടര്‍ന്നാണ് അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന മാണി ആ സ്ഥാനം രാജിവെച്ചത്. എന്നാല്‍പിന്നീട് സുപ്രീംകോടതിയില്‍നിന്ന് അനുകൂല വിധി നേടി പിന്നീട് അതേ മന്ത്രിസഭയില്‍ മാണി തിരിച്ചെത്തുകയുമുണ്ടായി.

കൂറുമാറ്റ നിരോധന നിയമപ്രകാരം ശിക്ഷിക്കപ്പെട്ട ആദ്യ നിയമസഭാ സാമാജികനായ ആര്‍.ബാലകൃഷ്ണപിള്ളയാണ് പിന്നീട് അയോഗ്യനാക്കപ്പെട്ട ഒരു എംഎല്‍എ. ഈ നിയമപ്രകാരം കേരള നിയമസഭയില്‍നിന്ന് അയോഗ്യനാക്കപ്പെട്ട ഏകവ്യക്തി ബാലകൃഷ്ണപിള്ളയാണ്. 1990 ലായിരുന്നു ഇത്.

മുസ്‍ലിം ലീഗിലെ സി.എച്ച് മുഹമ്മദ് കോയയും നിയമസഭയില്‍നിന്ന് അയോഗ്യനാക്കപ്പെട്ടിട്ടുണ്ട്. അദ്ദേഹം പത്രാധിപരായി പ്രവര്‍ത്തിക്കുന്ന ചന്ദ്രിക ദിനപത്രത്തില്‍1977 മാര്‍ച്ച് 12 ന് പ്രസിദ്ധീകരിച്ചുവന്ന ഒരു കാര്‍ട്ടൂണ്‍ സംബന്ധിച്ച വിവാദത്തെ തുടര്‍ന്നായിരുന്നു ഇത്.

ഒ.ഭരതന്‍ | ആര്‍.ബാലകൃഷ്ണപിള്ള

എടക്കാട് മണ്ഡലത്തെ നിയമസഭയില്‍ പ്രതിനിധീകരിക്കുന്ന സി.പി.എം. എം.എല്‍.എ ഒ.ഭരതനെ ഹൈക്കോടതി 1992ല്‍ അയോഗ്യനാക്കി പ്രഖ്യാപിച്ചിരുന്നു. കള്ളവോട്ട് പിന്‍ബലത്തിലാണ് ഭരതന്‍ ജയിച്ചുകയറിയതെന്ന എതിര്‍സ്ഥാനാര്‍ത്ഥി കെ.സുധാകരന്‍റെ വാദം അന്ന് കോടതി അംഗീകരിക്കുകയായിരുന്നു. തുടര്‍ന്ന് സത്യപ്രതിജ്ഞ ചെയ്ത് എം.എല്‍.എ ആയ കെ.സുധാകരന്‍ 1996ല്‍ സുപ്രീംകോടതി വിധി വന്നതോടെ രാജിവെക്കേണ്ടിവന്നു. ഒ.ഭരതന്‍ എം.എല്‍.എ ആയി തിരിച്ചെത്തുകയായിരുന്നു.

2001ല്‍ അയോഗ്യതയുടെ രുചിയറിഞ്ഞ നേതാവ് സി.പി.എമ്മിലെ പി ജയരാജനായിരുന്നു. കൂത്തുപറമ്പ് മണ്ഡലത്തില്‍നിന്നുള്ള ആ തെരഞ്ഞെടുപ്പ് സാങ്കേതിക പ്രശ്നങ്ങളുടെ പേരില്‍ സുപ്രീംകോടതി റദ്ദാക്കുകയായിരുന്നു. തുടര്‍ന്ന് 2005ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ നിയമസഭാ ചരിത്രത്തിലെ അതുവരെയുണ്ടായിരുന്ന റെക്കോഡ് ഭൂരിപക്ഷം മറികടന്ന് വീണ്ടും എം.എല്‍.എ ആയി.

കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യനാക്കപ്പെടുന്ന രണ്ടാമത്തെ എം.എല്‍.എ ആണ് പി.സി ജോര്‍ജ്. 2015ല്‍ മുന്‍കാല പ്രാബല്യത്തോടെയായിരുന്നു ഇത്.

Similar Posts