ഭര്‍തൃഗൃഹത്തില്‍ പീഡനം: യുവതി ആത്മഹത്യ ചെയ്ത സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും
|ഒളിവില്‍ പോയ പ്രതികള്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ജാമ്യത്തിന് അപേക്ഷിച്ചിരിക്കുകയാണ്.
എറണാകുളം കളമശേിയില് ഭര്‍തൃഗൃഹത്തിലെ പീഡനം മൂലം യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കേസന്വേഷണം ക്രൈംബ്രാഞ്ചിന്. തൃക്കാക്കര എ.സി.പിയായിരുന്നു നേരത്തെ കേസ് അന്വേഷിച്ചിരുന്നത്. ഒളിവില്‍ പോയ പ്രതികള്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ജാമ്യത്തിന് അപേക്ഷിച്ചിരിക്കുകയാണ്.
കളമശേരി മൂലേപ്പാടത്തെ അബ്ദുല്‍ അസീസിന്റെ മകള്‍ സുനിതയാണ് ഭര്‍തൃഗൃഹത്തിലെ പീഡനം മൂലം ആത്മഹത്യ ചെയ്തത്. കഴിഞ്ഞ സെപ്തംബര്‍ 13ന് ആത്മഹത്യാശ്രമം നടത്തിയ സുനിത 19ആം തിയ്യതി കാക്കനാട് സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരിക്കുകയായിരുന്നു. ആലുവ സ്വദേശി സി.എ അരുണ്‍ എന്ന അജുവാണ് സുനിതയുടെ ഭര്‍ത്താവ്. ഭര്‍ത്താവും ഭര്‍തൃപിതാവായ അബ്ദുറഹ്മാനും ഭര്‍തൃമാതാവ് ലൈലയും നിരന്തരം പീഡിപ്പിക്കുന്നതായി സുനിത വീട്ടുകാരോട് പരാതിപ്പെട്ടിരുന്നു.
വിവാഹ സമയത്ത് 101 പവൻ സ്വര്‍ണാഭരങ്ങളും മറ്റു സമ്മാനങ്ങളും സുനിതയുടെ വീട്ടുകാര്‍ കൊടുത്തിട്ടുണ്ട്. രണ്ട് പെണ്‍കുട്ടികളാണ് സുനിതയ്ക്ക്. പെണ്കുട്ടികളായതിനാല് കൂടുതല്‍ സ്വത്ത് വേണമെന്ന ഭര്‍തൃവീട്ടുകാരുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് സുനിതയുടെ പിതാവ് സ്വന്തം വീടും സ്ഥലവും സുനിതക്ക് നല്‍കിയെന്ന് ബന്ധുക്കള്‍ പറയുന്നു.
തൃക്കാക്കര അസി. പൊലീസ് കമ്മീഷണര്‍ പി.പി ഷംസ് ആയിരുന്നു നേരത്തെ കേസ് അന്വേഷിച്ചിരുന്നത്. ഹൈക്കോടതിയില്‍ മുന്‍കൂര്‍ജാമ്യം നല്കി ഒളിവില്‍ പോയ പ്രതികളെ പൊലീസിന് പിടികൂടാനായില്ല. തുടര്‍ന്ന് സുനിതയുടെ ബന്ധുക്കള്‍ കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി കൈമാറി. ഇതേ തുടര്‍ന്നാണ് കേസന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്പിച്ചത്.