‘ഐ.ടി വികസനത്തിന് പ്രത്യേക നടപടികള്‍ സ്വീകരിക്കും’ മുഖ്യമന്ത്രി
|ഇൻഫോ പാർക്കിന്റെ വളർച്ചയുടെ പുതിയ ഘട്ടമാണ് ലുലു സൈബർ പാർക്കിലൂടെ അരംഭിക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.
കാക്കനാട് ഇന്‍ഫോപാര്‍ക്കില്‍ സൈബര്‍ ടവര്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. നിക്ഷേപ സൌഹൃദ സംസ്ഥാനമാക്കി കേരളത്തെ മാറ്റുന്നതിനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഐ.ടി മേഖലയുടെ വികസനത്തിന് പ്രത്യേക നടപടികള്‍ സ്വീകരിക്കുമെന്നും ലോക ഐ.ടി വ്യവസായത്തിന്റെ കേന്ദ്രമായി സംസ്ഥാനം ഉടന്‍ മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാക്കനാട് ഇന്‍ഫോപാര്‍ക്കില്‍ ലുലു സൈബര്‍ ടവര്‍ 1ന് തൊട്ടടുത്തായാണ് സൈബര്‍ ടവര്‍ 2 പ്രവര്‍ത്തനമാരംഭിക്കുന്നത്. ഇൻഫോ പാർക്കിന്റെ വളർച്ചയുടെ പുതിയ ഘട്ടമാണ് ലുലു സൈബർ പാർക്കിലൂടെ അരംഭിക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. 11,000ത്തിലധികം ഐ.ടി പ്രൊഫഷണലുകള്‍ക്കാണ് ലുലു സൈബര്‍ പാര്‍ക്ക് 2വിലൂടെ തൊഴിലവസരമൊരുങ്ങുന്നത്. 15 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ 11 നിലകളിലായാണ് ഇവിടെ വര്‍ക്‌സ്‌പേസ് ഒരുക്കിയിട്ടുള്ളത്. 1200ലധികം പേര്‍ക്ക് ജോലി ചെയ്യാവുന്ന ഓരോ ഫ്‌ളോറും ലോകോത്തര കമ്പനികള്‍ക്ക് ഏകോപിതമായി ജോലി ചെയ്യാന്‍ കഴിയുന്ന സൌകര്യങ്ങളുമാണ് സൈബര്‍ പാര്‍ക്ക് 2വില്‍ ലുലു ഗ്രൂപ്പ് ഒരുക്കിയിരിക്കുന്നത്.
ഉദ്ഘാടന ചടങ്ങില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി, യു.എ.ഇ സര്‍ക്കാര്‍ പ്രതിനിധി ജമാല്‍ ഹുസൈന്‍ അല്‍സാബി തുടങ്ങിയവര്‍ക്ക് പുറമെ ജനപ്രതിനിധികളായ പ്രഫ. തോമസ് എം.പി, വി. മുരളീധരന്‍ എം.പി, എം.എല്‍.എമാരായ പി.ടി തോമസ്, എല്‍സ് എബ്രഹാം, ഇബ്രാഹീം കുഞ്ഞ് തുടങ്ങിയ നിരവധി പ്രമുഖരും പങ്കെടുത്തു.