പാലക്കാട് നിന്നുള്ള പി.രാജേഷിന് ഡി.വൈ.എഫ്.ഐ സമ്മേളനത്തില്‍ വിലക്ക്
|37 വയസ്സ് കഴിഞ്ഞ എ.എ റഹീം സെക്രട്ടറിയായേക്കും. എസ് കെ സജീഷും, എസ് സതീഷും, നിതിന്‍ കണിച്ചേരിയുമാണ് ഭാരവാഹി സ്ഥാനത്തേക്ക് പരിഗണിക്കുന്ന മറ്റുള്ളവര്‍
ഡി.വൈ.എഫ്.ഐ സംസ്ഥാനസമ്മേളനത്തിന് കോഴിക്കോട് തുടക്കമായി. സമ്മേളനത്തില്‍ നിന്ന് പ്രതിനിധിയെ വിലക്കിയതായി പരാതി ഉയര്‍ന്നു. പാലക്കാട് നിന്നുള്ള പി.രാജേഷിനോട് സമ്മേളനത്തില്‍ പങ്കെടുക്കരുതെന്ന് നേതൃത്വം നിര്‍ദ്ദേശം നല്കി. സി.പി.എം ഫ്രാക്ഷന്‍ നിര്‍ദേശം മറികടന്നാണ് തീരുമാനം.
പാലക്കാട് മുന്‍ ജില്ലകമ്മിറ്റി അംഗം പി. രാജേഷിനെ ജില്ലാകമ്മിറ്റിയില്‍ നിന്നും പുറത്താക്കിയിരുന്നു. പിന്നീട് രാജേഷിന്‍റെ പരാതി പരിഗണിച്ച് എം.വി ഗോവിന്ദന്‍റെ നേതൃത്വത്തിലുള്ള ഫ്രാക്ഷ്ന്‍ രാജേഷിനെ പ്രതിനിധി പട്ടികയില്‍ ഉള്‍പ്പെടുത്തി. എന്നാല്‍ സമ്മേളനത്തിനെത്തിയ രാജേഷിനോട് പങ്കെടുക്കരുതെന്ന് നേതൃത്വം ആവശ്യപ്പെട്ടു. പാലക്കാട് ജില്ലയില്‍ ഡി.വൈ.എഫ്.ഐക്കുളളിലുള്ള പ്രശ്നങ്ങളാണ് കാരണമെന്നാണ് സൂചന. രാവിലെ ആരംഭിച്ച പ്രതിനിധി സമ്മേളനം മുതിർന്ന മാധ്യമ പ്രവർത്തകൻ പി. സായ്നാഥ് ഉദ്‌ഘാടനം ചെയ്തു.
സംസ്ഥാന സെക്രട്ടറി എം സ്വരാജ് അവതരിപ്പിക്കുന്ന റിപ്പോര്‍ട്ടിന്‍മേല്‍ ചര്‍ച്ച നടക്കും. ബുധനാഴ്ചയാണ് ഭാരവാഹി തെരഞ്ഞെടുപ്പ്. പ്രായപരിധി കര്‍ശനമാക്കേണ്ട എന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റിന്‍റെ തീരുമാനം. ഇതോടെ 37 വയസ്സ് കഴിഞ്ഞ എ.എ റഹീം സെക്രട്ടറിയായേക്കും. എസ് കെ സജീഷും, എസ് സതീഷും, നിതിന്‍ കണിച്ചേരിയുമാണ് ഭാരവാഹി സ്ഥാനത്തേക്ക് പരിഗണിക്കുന്ന മറ്റുള്ളവര്‍.
ശശിക്കെതിരെ ഡി.വൈ.എഫ്.ഐക്ക് പരാതി ലഭിച്ചിട്ടില്ലെന്ന് സ്വരാജ്
പി.കെ ശശിക്കെതിരെ വനിത അംഗം ഡി.വൈ.എഫ്.ഐക്ക് പരാതി നല്‍കിയിട്ടില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.സ്വരാജ്. സി.പി.എമ്മിനാണ് അവര്‍ പരാതി നല്‍കിയത്. സംസ്ഥാന സമ്മേളനത്തില്‍ പാലക്കാട് നിന്ന് ആരെയും ഒഴിവാക്കിയിട്ടില്ല. വത്സന്‍ തില്ലങ്കേരി വനിതാ പോലീസിന്റെ രേഖകള്‍ പരിശോധിച്ചത് വീഴ്ച്ചയായി കാണുന്നില്ലെന്നും എം.സ്വരാജ് എം.എല്‍.എ പറഞ്ഞു.