Kerala
ഡി.വൈ.എഫ്.എെ സംസ്ഥാന സമ്മേളനത്തിന് തുടക്കമായി
Kerala

ഡി.വൈ.എഫ്.എെ സംസ്ഥാന സമ്മേളനത്തിന് തുടക്കമായി

Web Desk
|
12 Nov 2018 2:40 PM GMT

സംഘടന റിപ്പോര്‍ട്ടില്‍ ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിക്കെതിരെ വിമര്‍ശനം. സി.പി.എമ്മിന്റെ ബി ടീമായി കേരളത്തിലെ ഡി.വൈ.എഫ്.ഐ മാറിയെന്നാണ് പി.എ.മുഹമ്മദ് റിയാസ് അവതരിപ്പിച്ച സംഘടന റിപ്പോര്‍ട്ടിലുള്ളത്

ഡി.വൈ.എഫ്.എെ സംസ്ഥാന സമ്മേളനത്തിന് കോഴിക്കോട് തുടക്കമായി. മാധ്യമപ്രവര്‍ത്തകന്‍ പി.സായിനാഥ് സമ്മേളനം ഉദ്ഘാടനം ചെയ്തു. സമ്മേളനത്തില്‍ നിന്ന് പ്രതിനിധിയെ വിലക്കിയതായി പരാതി. പാലക്കാട് നിന്നുള്ള പി.രാജേഷിനോട് സമ്മേളനത്തില്‍ പങ്കെടുക്കരുതെന്ന് നേതൃത്വം നിര്‍ദ്ദേശം നല്‍കി. സി.പി.എം ഫ്രാക്ഷന്‍ തീരുമാനപ്രകാരം പ്രതിനിധിയായെത്തിയ രാജേഷിനെയാണ് ഡി.വൈ.എഫ്.ഐ നേതൃത്വം ഇടപ്പെട്ട് വിലക്കിയത്. പിന്നീട് രാജേഷിന്‍റെ പരാതി പരിഗണിച്ച എം.വി.ഗോവിന്ദന്‍റെ നേതൃത്വത്തിലുള്ള സി.പി.എം ഫ്രാക്ഷന്‍ രാജേഷിനെ പ്രതിനിധി പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇതിനെതിരെ പാലക്കാട്ടെ ഡി.വൈ.എഫ്.ഐ പ്രതിനിധികള്‍ രംഗത്തെത്തി. സംസ്ഥാന സമ്മേളനത്തില്‍ രജിസ്ട്രേഷന്‍ പോലും അനുവദിക്കരുതെന്നായിരുന്നു ആവശ്യം. ഇതിനെ തുടര്‍ന്നാണ് സമ്മേളനത്തിനെത്തിയ രാജേഷിനോട് പങ്കെടുക്കരുതെന്ന് ഡി.വൈ.എഫ്.ഐ നേതൃത്വം ആവശ്യപ്പെട്ടതെന്നാണ് സൂചന. ക്രമവിരുദ്ധമായി രാജേഷിനെ പ്രതിനിധിയാക്കിയതില്‍ സംസ്ഥാന നേതൃത്വത്തിനും അതൃപ്തിയുണ്ട്. എന്നാല്‍ പാലക്കാട് ജില്ലാ കമ്മിറ്റിയിലെ വിഭാഗീയതയെ തുടര്‍ന്നായിരുന്നു രാജേഷിന് ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയത് എന്നായിരുന്നു സംസ്ഥാന സെക്രട്ടറി എം.സ്വരാജിന്‍റെ പ്രതികരണം.

രാവിലെ ആരംഭിച്ച പ്രതിനിധി സമ്മേളനം മുതിർന്ന മാധ്യമ പ്രവർത്തകൻ പി.സായ്നാഥ്‌ ഉദ്‌ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി എം.സ്വരാജ് അവതരിപ്പിച്ച റിപ്പോര്‍ട്ടിന്‍ മേല്‍ ചര്‍ച്ച പുരോഗമിക്കുന്നു. വിവാദ വിഷയങ്ങളെ ഒഴിവാക്കിയായിരുന്നു സംസ്ഥാന സെക്രട്ടറി അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ട്.

എന്നാല്‍ സംഘടന റിപ്പോര്‍ട്ടില്‍ ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിക്കെതിരെ വിമര്‍ശനം. സി.പി.എമ്മിന്‍റെ ബി ടീമായി ഡി.വൈ.എഫ്.ഐ മാറിയെന്ന് അഖിലേന്ത്യ പ്രസിഡന്‍റ് മുഹമ്മദ് റിയാസ് അവതരിപ്പിച്ച സംഘടന റിപ്പോര്‍ട്ടില്‍ പറയുന്നു.

സി.പി.എമ്മിന്റെ ബി ടീമായി കേരളത്തിലെ ഡി.വൈ.എഫ്.ഐ മാറിയെന്നാണ് പി.എ.മുഹമ്മദ് റിയാസ് അവതരിപ്പിച്ച സംഘടന റിപ്പോര്‍ട്ടിലുള്ളത്. തന്‍ പ്രമാണിത്തവും ധിക്കാരവും നേതാക്കള്‍ക്ക് നല്ലതല്ല. ചിലരുടെ പൊതുജനങ്ങളോടുള്ള പെരുമാറ്റം മോശമാണെന്നും മാറിയേ തീരൂ എന്നും റിപ്പോർട്ട് വിമര്‍ശിക്കുന്നു. സി.പി.എം നേതാക്കളെ സന്തോഷിപ്പിക്കാനാണ് ചിലര്‍ തലപ്പത്തിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.

സംസ്ഥാന കമ്മിറ്റിയുടെ പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ ഷൊര്‍ണ്ണൂര്‍ എം.എല്‍.എ പി.കെ.ശശിക്കെതിരായ ഡി.വൈ.എഫ്.ഐ വനിത നേതാവ് നൽകിയ ലൈംഗികാരോപണത്തെകുറിച്ചുള്ള പരാമര്‍ശമില്ല. സി.പി.എമ്മിനാണ് യുവതി പരാതി നൽകിയതെന്നും ഉചിതമായ തീരുമാനമുണ്ടാകുമെന്നാണ് വിശ്വാസമെന്നുമായിരുന്നു സംസ്ഥാന സെക്രട്ടറി എം.സ്വരാജിന്‍റെ പ്രതികരണം.

റിപ്പോര്‍ട്ടിന്‍മേലുള്ള ചര്‍ച്ച നാളെയും തുടരും. ബുധനാഴ്ചയാണ് ഭാരവാഹി തെരഞ്ഞെടുപ്പ്. പ്രായപരിധി കര്‍ശനമാക്കേണ്ട എന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടേറിയേററിന്‍റെ തീരുമാനം. ഇതോടെ 37 വയസ്സ് കഴിഞ്ഞ എ.എ.റഹീം സെക്രട്ടറിയായേക്കും. എസ്.കെ.സജീഷും, എസ്.സതീഷും, നിതിന്‍ കണിച്ചേരിയുമാണ് ഭാരവാഹി സ്ഥാനത്തേക്ക് പരിഗണിക്കുന്ന മറ്റുള്ളവര്‍.

Similar Posts