ഹൈക്കോടതി വിധിക്കെതിരെ സുപ്രിം കോടതിയെ സമീപിക്കാനുള്ള നടപടികളുമായി കെ.എം ഷാജി
|മുതിര്‍ന്ന അഭിഭാഷകന് കപില്‍ സിബലിനെ ഹാജരാക്കാനാണ് നീക്കങ്ങള്‍.ഹൈക്കോടതി വിധിയുടെ പകര്‍പ്പ് കിട്ടിയാലുടന്‍ സുപ്രിം കോടതിയെ സമീപിക്കും
അഴീക്കോട് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് അസാധുവാക്കിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രിം കോടതിയെ സമീപിക്കാനുള്ള നടപടികള്‍ കെ.എം ഷാജി തുടങ്ങി. മുതിര്‍ന്ന അഭിഭാഷകന് കപില്‍ സിബലിനെ ഹാജരാക്കാനാണ് നീക്കങ്ങള്‍.ഹൈക്കോടതി വിധിയുടെ പകര്‍പ്പ് കിട്ടിയാലുടന്‍ സുപ്രിം കോടതിയെ സമീപിക്കും.
ഹൈക്കോടതി, വിധി പറഞ്ഞതിന് ശേഷം സുപ്രിം കോടതിയെ സമീപിക്കാന്‍ 30 ദിവസത്തെ സാവകാശമാണ് നിയപ്രകാരമുള്ളത്.കെ.എം ഷാജിയുടെ കാര്യത്തില്‍ കോടതി നല്കിയ സ്റ്റേ രണ്ടാഴ്ച.ഹൈക്കോടതി സ്റ്റേ നീട്ടാനുള്ള സാധ്യത ഉണ്ടങ്കിലും അതിന് മുന്‍പ് തന്നെ ഷാജി സുപ്രിം കോടതിയില്‍ പോകും. വിധി വന്ന് നാല് ദിവസമായിട്ടും സുപ്രിം കോടതിയെ സമീപിക്കാത്തത് ഹൈക്കോടതിയുടെ വിധി പകര്‍പ്പ് കിട്ടാത്തതിനാലാണ്.സുപ്രിം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന് കപില്‍ സിബലിനെ ഹാജരാക്കാനാണ് നീക്കം. കിട്ടിയില്ലെങ്കില്‍ മുകുള്‍ റോത്തഗിയേയോ,മനു അഭിഷേക് സിംഗ്വിയോ ഹാജരാക്കും. സുപ്രിം കോടതി അഭിഭാഷകനായ ഹാരീസ് ബീരാന് വഴിയാണ് ശ്രമങ്ങള്‍. കെ.എം ഷാജി നാളെ ദില്ലിയിലെത്തി അഭിഭാഷകരെ കാണുമെന്നാണ് വിവരം.
തെരഞ്ഞെടുപ്പ് അസാധുവാക്കുന്ന തരത്തിലുള്ള നോട്ടീസ് പിടിച്ചിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് രേഖാ മൂലം തന്നെ അറിയിച്ചില്ല വാദമാണ് ഷാജി ഉയര്‍ത്തുക. ഒപ്പം നിയമസഭാ അംഗത്തെ അയോഗ്യനാക്കാനുള്ള അധികാരം ഹൈക്കോടതിക്കില്ലെന്നും വാദിക്കും. നോട്ടീസ് തങ്ങളച്ചടിച്ചതല്ലന്ന് തെളിയിക്കാന്‍ നോട്ടീസിനകത്തെ ചില വാചകങ്ങളാകും കെ.എം ഷാജി ചൂണ്ടിക്കാട്ടുക.തെരഞ്ഞെടുപ്പ് സമയത്ത് ഡെപ്യൂട്ടി തസില്ദാറായിരുന്ന ഷൈജുവും മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനും എല്‍ഡിഎഫുമായി ചേര്‍ന്ന് ഒരുക്കിയ കെണിയാണ് തന്റെ പേരില്‍ പിടിച്ചെടുത്ത നോട്ടീസെന്ന കാര്യവും കോടതിയെ അറിയിക്കാനാണ് നീക്കം.