അദീബിന്റെ രാജിക്കത്ത് ന്യൂനപക്ഷ കോര്‍പ്പറേഷന്‍ സര്‍ക്കാരിലേക്ക് അയക്കും
|ന്യൂനപക്ഷ ക്ഷേമ വകുപ്പ് സെക്രട്ടറി രാജി സ്വീകരിക്കുന്നത് വരെ കെ.ടി അദീപ് ജനറല്‍ മാനേജര്‍ സ്ഥാനത്ത് ഉണ്ടാവുമെന്ന് ചെയര്‍മാന്‍ എ.പി അബ്ദുല്‍ വഹാബ് അറിയിച്ചു.
ജനറല്‍ മാനേജര്‍ കെടി അദീപിന്റെ രാജിക്കത്ത് ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ സര്‍ക്കാറിലേക്ക് അയക്കും. അദീപിനെ നിയമിച്ച ന്യൂനപക്ഷ ക്ഷേമ വകുപ്പ് തന്നെയാണ് നിയമപ്രകാരം രാജിയില്‍ തീരുമാനം എടുക്കേണ്ടതെന്ന വിശദീകരണത്തോടെയാണ് രാജി സര്‍ക്കാരിന് കൈമാറുന്നത്. ന്യൂനപക്ഷ ക്ഷേമ വകുപ്പ് രാജി സ്വീകരിക്കുന്നത് വരെ കെ.ടി അദീപ് ജനറല്‍ മാനേജര്‍ സ്ഥാനത്ത് ഉണ്ടാവുമെന്ന് ചെയര്‍മാന്‍ എ.പി അബ്ദുല്‍ വഹാബ് പറഞ്ഞു.
എം.ഡി വി.കെ അക്ബറിന് ജി.എം കെ.ടി അദീപ് നല്‍കിയ രാജിക്കത്ത് ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് വിശദമായി ചര്‍ച്ച ചെയ്തതിന് ശേഷമാണ് സര്‍ക്കാരിലേക്ക് അയക്കാന്‍ തീരുമാനിച്ചത്. കെ.ടി അദീപ് മാത്യസ്ഥാപനത്തിലേക്ക് തിരികെ പോവുന്നതില്‍ കോര്‍പ്പറേഷന് തടസ്സങ്ങളില്ലെന്ന കാര്യവും ബോര്‍ഡ് സര്‍ക്കാരിനെ അറിയിക്കും.
അദീപിനെ നിയമിച്ച സര്‍ക്കാര്‍ തന്നെ അദീപിന്റെ രാജിയും സ്വീകരിക്കട്ടേയെന്ന പൊതുവികാരമാണ് ബോര്‍ഡ് യോഗത്തിലുണ്ടായത്.സര്‍ക്കാര്‍ മാറ്റങ്ങള്‍ വരുത്തിയില്ലെങ്കില്‍ അദീപിന്റെ നിയമന സമയത്ത് ഇറക്കിയ ഉത്തരവ് പ്രകാരമുള്ള യോഗ്യതയായിരിക്കും അടുത്ത ജിഎമ്മിനും വേണ്ടത്.സര്‍ക്കാര്‍ അദീപിന്റെ രാജി ഉടന്‍ തന്നെ സ്വീകരിക്കാനാണ് സാധ്യത.