Kerala
“ആ ലഘുലേഖയുടെ ഉറവിടം താങ്കള്‍ക്കറിയാം, അഴീക്കോടിനെ കുതന്ത്രങ്ങളുടെ പരീക്ഷണശാലയാക്കാന്‍ നിന്നുകൊടുത്തതില്‍ കുറ്റബോധമില്ലേ?”
Kerala

“ആ ലഘുലേഖയുടെ ഉറവിടം താങ്കള്‍ക്കറിയാം, അഴീക്കോടിനെ കുതന്ത്രങ്ങളുടെ പരീക്ഷണശാലയാക്കാന്‍ നിന്നുകൊടുത്തതില്‍ കുറ്റബോധമില്ലേ?”

Web Desk
|
12 Nov 2018 4:11 AM GMT

നികേഷിനെ പിതാവ് എം.വി രാഘവന്‍റെ ചരിത്രം ഓര്‍മിപ്പിച്ചാണ് മുനീര്‍ വിമര്‍ശിക്കുന്നത്.

കെ.എം ഷാജിക്കെതിരായ അയോഗ്യത കേസില്‍ എം.വി നികേഷ് കുമാറിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ് നേതാവ് എം.കെ മുനീര്‍. നികേഷിനെ പിതാവ് എം.വി രാഘവന്‍റെ ചരിത്രം ഓര്‍മിപ്പിച്ചാണ് മുനീര്‍ വിമര്‍ശിക്കുന്നത്. എം.വി രാഘവന്‍റെ ഉജ്ജ്വല ജീവിത മാതൃക പിന്തുടരാൻ കഴിഞ്ഞില്ലെങ്കിലും ഒറ്റിക്കൊടുക്കാതിരിക്കുകയെങ്കിലും ചെയ്യണം. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കെ.എം ഷാജിയുടെ പേരില്‍ പ്രചരിച്ച ലഘുലേഖ വ്യാജമാണെന്നും എം.കെ മുനീര്‍ ഫേസ് ബുക്ക് പോസ്റ്റില്‍ അവകാശപ്പെട്ടു

"കെ.എം ഷാജിക്കെതിരെ ഇപ്പോൾ നിങ്ങളാഘോഷിക്കുന്ന ലഘുലേഖ വ്യാജ നിർമ്മിതിയുടെ അങ്ങേയറ്റമാണെന്ന് സാമാന്യ ബോധമുള്ള ആർക്കും മനസ്സിലാകും. മറ്റാരെക്കാളും അതിന്റെ ഉറവിടമടക്കം താങ്കൾക്കുമറിയാം. തെരഞ്ഞെടുപ്പിൽ ജയിക്കാൻ നെറികേടിന്റെ ഏതറ്റം വരെയും പോകുന്ന താങ്കളുടെ രാഷ്ട്രീയ യജമാനന്മാർക്കും അതറിയാം. ലഘുലേഖ പുറത്തുവന്നതോടു കൂടി കേരളത്തിലെ പ്രബുദ്ധ ജനതയ്ക്കും അത് മനസ്സിലായിട്ടുണ്ട്. എല്ലാമറിഞ്ഞിട്ടും അഴീക്കോട് നിയോജകമണ്ഡലത്തെ കുതന്ത്രങ്ങളുടെ പരീക്ഷണശാലയാക്കാൻ നിന്നുകൊടുത്തതിൽ താങ്കൾക്ക് യാതൊരു കുറ്റബോധവും തോന്നുന്നില്ലേ?" എന്നാണ് നികേഷിനോട് മുനീര്‍ ചോദിക്കുന്നത്.

എം.വി രാഘവനെ സി.പി.എം വേട്ടയാടിയ പഴയ ചരിത്രവും മുനീര്‍ നികേഷിനെ ഓര്‍മിപ്പിക്കുന്നു. അന്ന് എം.വി.ആറിന് രാഷ്ട്രീയമായ എല്ലാ സംരക്ഷണവും നൽകിയ പാർട്ടിയാണ് മുസ്‍ലിം ലീഗ്. അങ്ങനെ ലീഗും യു.ഡി.എഫും നിലപാട് കൈകൊണ്ടിരുന്നില്ലായിരുന്നുവെങ്കിൽ സി.പി.എം കുലംകുത്തികൾക്ക് നൽകുന്ന ശിക്ഷ എം.വി.ആറിനെയും തേടിയെത്തുമായിരുന്നു. അഴീക്കോടിന്റെയും കഴക്കൂട്ടത്തിന്റെയുമൊക്കെ രാഷ്ട്രീയ ചരിത്രം കൂടിയാണിത്. നോമിനേഷൻ നൽകിയ സ്ഥാനാർത്ഥിയെ പിൻവലിച്ച് ലീഗ് സ്വന്തം സീറ്റിൽ എം.വി.ആറിനെ മത്സരിപ്പിച്ചത് എം.വി.ആർ അഞ്ച് നേരം നമസ്കരിക്കുന്ന മുഅമിനായത് കൊണ്ടായിരുന്നില്ലെന്നും മുനീര്‍ പറയുന്നു.

തെരഞ്ഞെടുപ്പുകൾ വരും പോകും. ജയപരാജയങ്ങളും. പക്ഷേ രാഷ്ട്രീയത്തിലെ ബാലപാഠം എങ്ങനെ കുതന്ത്രങ്ങൾ മാനിപ്പുലേറ്റ് ചെയ്യാമെന്നതല്ല, തോൽവിയിലും ധാർമ്മികത കൈമോശം വരാതെ എങ്ങനെ മൂല്യവത്തായ വിജയം വരിക്കാമെന്നതാണെന്നും എം.കെ മുനീര്‍ പറയുന്നു.

ഫേസ് ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

'ഒരു ജൻമം' എന്ന സഖാവ് എം വി രാഘവന്റെ ആത്മകഥ വർഷങ്ങൾക്ക് മുമ്പ് പുറത്തിറങ്ങിയിട്ടുണ്ട്.ശ്രീ എം വി നികേഷ് കുമാർ സാധിക്കുമെങ്കിൽ ആ പുസ്തകം ഒരാവർത്തിയെങ്കിലും വായിക്കണം. ഒരു രാഷ്ട്രീയ പ്രവർത്തകൻ സ്വജീവിതത്തിൽ പാലിക്കേണ്ട നിരവധി പാഠങ്ങൾ അതിനകത്തുണ്ട്.

തെരഞ്ഞെടുപ്പിൽ വിജയിക്കുന്നതിന് അവസാനത്തെ രാഷട്രീയ അടവ് പയറ്റുമ്പോഴും എം വി ആർ ഒരിക്കലും മാന്യതയുടെ അതിർവരമ്പുകൾ ഉല്ലംഘിച്ചിരുന്നില്ല.

ശ്രീ നികേഷ്, രാഷ്ട്രീയ കേരളം താങ്കളെ ആദ്യമായി ശ്രദ്ധിക്കുന്നത് എന്നാണെന്ന് താങ്കൾ ഓർക്കുന്നുണ്ടോ? മാർക്സിസ്റ്റ് പാർട്ടിയുടെ ആക്രമണങ്ങളിൽ നിന്നും സംരക്ഷണം തേടി കണ്ണൂരിൽ കുടുംബത്തോടൊപ്പം ധർണ്ണയിരുന്ന ഒരു കൊച്ച കുട്ടിയായാണ് സമൂഹത്തിന്റെ ശ്രദ്ധയിലേക്ക് താങ്കൾ വരുന്നത്. കണ്ണുകളിൽ ഭീതിയും അമ്പരപ്പുമായി ചുറ്റുപാടും നോക്കി നിൽക്കുന്ന ആ ചെറിയ കുട്ടിയുടെ ചിത്രം കേരളം മറന്നിട്ടില്ല. ആ തീക്ഷ്ണമായ അനുഭവങ്ങൾക്ക് മീതെ കണ്ണുകൾ ഇറുക്കിയടച്ച് കേവലം ഒരു എം എൽ എ എന്ന നിസ്സാര ലക്ഷ്യത്തിനായി മറുകണ്ടം ചാടുമ്പോൾ താങ്കൾക്ക് ആത്മസംഘർഷമില്ലാതെ എങ്ങനെ ജീവിക്കാൻ കഴിയുന്നുവെന്ന് അത്ഭുതം തോന്നുന്നു.

സഖാവ് എം വി ആറിന് രാഷ്ട്രീയമായ എല്ലാ സംരക്ഷണവും നൽകിയ പാർട്ടിയാണ് മുസ്ലിം ലീഗ്. അങ്ങനെ ലീഗും യു ഡി എഫും നിലപാട് കൈ കൊണ്ടിരുന്നില്ലായിരുന്നുവെങ്കിൽ സി പി എം കുലം കുത്തികൾക്ക് നൽകുന്ന ശിക്ഷ സഖാവ്, എം വി ആറിനെയും തേടിയെത്തുമായിരുന്നു. ഈ വസ്തുതകൾ സൗകര്യപൂർവ്വം താങ്കൾ മറന്നാലും ജനാധിപത്യവിശ്വാസികൾക്ക് മറക്കാനാകില്ല. അഴീക്കോടിന്റെയും കഴക്കൂട്ടത്തിന്റെയുമൊക്കെ രാഷട്രീയ ചരിത്രം കൂടിയാണിത്. നോമിനേഷൻ നൽകിയ സ്ഥാനാർത്ഥിയെ പിൻവലിച്ച് മുസ്ലിം ലീഗ് സ്വന്തം സീറ്റിൽ എംവിആറിനെ മത്സരിപ്പിച്ചത് എം വി ആർ അഞ്ച് നേരം നമസ്കരിക്കുന്ന മുഅമിനായത് കൊണ്ടായിരുന്നില്ല. മറിച്ച് മുസ്ലിം ലീഗിന്റെ രാഷ്ട്രീയ മാന്യതയായിരുന്നു അത്. മുസ്ലിം ലീഗ് ഇസ്മാഈൽ സാഹിബിൽ നിന്നും പാഠമുൾകൊണ്ട രാഷ്ട്രീയ സംഘടനയത്രെ. ഭരണഘടനയുണ്ടാക്കിയ കോൺസ്റ്റിറ്റ്യവൻറ് അസംബ്ലിയിലായിരുന്നു ഇസ്മാഈൽ സാഹിബ് ഉണ്ടായിരുന്നത്. എന്ന് പറഞ്ഞാൽ രാജ്യത്തിന്റെ മതേതരത്വ മൂല്യങ്ങളടങ്ങുന്ന ഒരു ഭരണഘടനയിൽ സംഭാവനയർപ്പിച്ച പാർട്ടിയാണ് മുസ്ലിം ലീഗ് എന്ന് വ്യംഗ്യം. അങ്ങനെയുള്ള ഒരു രാഷട്രീയ പ്രസ്ഥാനം മതേതരത്വത്തിന് വിരുദ്ധമായി പ്രവർത്തിക്കുമെന്ന് പറഞ്ഞാൽ പിന്നെ ആ പാർട്ടിയുടെ പ്രസക്തി പിന്നെ എന്താണ്?

ഇക്കാലമത്രയും ഞങ്ങൾ പോരാടിയത് രാജ്യത്തിന്റെ മതേതരത്വ മൂല്യങ്ങൾക്ക് തുരങ്കം വെക്കാൻ നോക്കുന്ന എസ് ഡി പി ഐ, പോപ്പുലർ ഫ്രണ്ട്, പോലെയുള്ള സംഘടനകളുമായിട്ടാണ്. പക്ഷേ നികേഷ് കുമാർ, ഒരു തെരെഞ്ഞെടുപ്പ് ജയിക്കുക എന്ന മിനിമം അജൻഡക്ക് വേണ്ടി ഇപ്പറഞ്ഞ സംഘടനകളുമായൊക്കെ സന്ധി ചെയ്യുന്നതിൽ താങ്കൾക്ക് യാതൊരുവിധ പ്രയാസങ്ങളുമുണ്ടായിരുന്നില്ല. ഇപ്പോഴും താങ്കളുടെ വാക്കുകളിൽ മുസ്ലിം ലീഗും കേരള കോൺഗ്രസ്സുമാണ് വർഗ്ഗീയ പ്രസ്ഥാനങ്ങൾ. അപ്പോഴും ബി ജെ പിയും ആർ എസ് എസ്സും താങ്കളുടെ വർഗ്ഗീയതയുടെ പരിധിക്കുള്ളിൽ വരുന്നേയില്ല. ഇതിൽ നിന്നും വ്യക്തമാണ് അങ്ങയുടെ ഉള്ളിലിരിപ്പ് എന്താണ് എന്നത്.

കെ എം ഷാജിക്കെതിരെ ഇപ്പോൾ നിങ്ങളാഘോഷിക്കുന്ന ലഘുലേഖ വ്യാജ നിർമ്മിതിയുടെ അങ്ങേയറ്റമാണെന്ന് സാമാന്യ ബോധമുള്ള ആർക്കും മനസ്സിലാകും. മറ്റാരെക്കാളും അതിന്റെ ഉറവിടമടക്കം താങ്കൾക്കുമറിയാം. തെരഞ്ഞെടുപ്പിൽ ജയിക്കാൻ നെറികേടിന്റെ ഏതറ്റം വരെയും പോകുന്ന താങ്കളുടെ രാഷ്ട്രീയ യജമാനന്മാർക്കും അതറിയാം. ലഘുലേഖ പുറത്തുവന്നതോടു കൂടി കേരളത്തിലെ പ്രബുദ്ധ ജനതയ്ക്കും അത് മനസ്സിലായിട്ടുണ്ട്. എല്ലാമറിഞ്ഞിട്ടും അഴീക്കോട് നിയോജകമണ്ഡലത്തെ കുതന്ത്രങ്ങളുടെ പരീക്ഷണശാലയാക്കാൻ നിന്നുകൊടുത്തതിൽ താങ്കൾക്ക് യാതൊരു കുറ്റബോധവും തോന്നുന്നില്ലേ..?

തെരഞ്ഞെടുപ്പുകൾ വരും പോകും. ഒപ്പം ജയപരാജയങ്ങളും. പക്ഷേ രാഷ്ട്രീയത്തിലെ ബാലപാഠം എങ്ങനെ കുതന്ത്രങ്ങൾ മാനിപ്പുലേറ്റ് ചെയ്യാമെന്നതല്ല, തോൽവിയിലും ധാർമ്മികത കൈമോശം വരാതെ എങ്ങനെ മൂല്യവത്തായ വിജയം വരിക്കാമെന്നതാണ്.

കൂത്തുപറമ്പിലെ സഖാവ് പുഷ്പൻ ജീവിക്കുന്ന രക്തസാക്ഷിയാണ്. ബാലിശമായ ഒരു സമരത്തിന്റെ പേരിൽ അഞ്ച് നിരപരാധികളുടെ ജീവൻ സിപിഎം ബലികൊടുത്തപ്പോൾ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടയാൾ. സഖാവ് എംവിആറിന്റെ പേരിലുള്ള അവാർഡ്‌ പുഷ്പന് കൊടുക്കുന്നതിൽ സന്തോഷമുണ്ട്. കാരണം, സി പി എം അല്ല, എംവിആർ ആയിരുന്നു ശരിയെന്ന് ആ അവാർഡ് സഖാവ്,പുഷ്പനെ ബോധ്യപ്പെടുത്തും. ഒപ്പം നികേഷ്, താങ്കൾ ഒരു വാചകം കൂടി ശ്രീ പുഷ്പനോട് പറയണമായിരുന്നു. പുഷ്പനെ ജീവിക്കുന്ന രക്തസാക്ഷിയാക്കി മാറ്റിയ പാർട്ടി സ്വാശ്രയ വിദ്യാഭ്യാസ നയം തിരുത്തിയിട്ട് കാലമേറെ കഴിഞ്ഞു എന്ന സത്യം. പുഷ്പനെയും അഞ്ച് രക്തസാക്ഷികളെയും സൃഷ്ടിച്ച പാർട്ടി നിലപാട് തെറ്റായിരുന്നു എന്ന സത്യം. പാർട്ടി നേതാക്കൾക്ക് ബുദ്ധിയുദിക്കാൻ വൈകിയാൽ അതിന്റെ വിലകൊടുക്കേണ്ടി വരിക പുഷ്പനെ പോലുള്ള നിരപരാധികളാണ് എന്ന കാര്യം.

രാഷ്ട്രീയത്തിൽ നിശ്ചയദാർഢ്യമുള്ള നിലപാടുകളുടെ പ്രതീകമായിരുന്നു എംവിആർ. ശാരീരിക അവശതകൾ അലട്ടിയ ജീവിതത്തിന്റെ അവസാന നാളുകളിലും മാനസികമായ കരുത്തും രാഷ്ട്രീയ നിലപാടുകളിൽ ദൃഢതയും പ്രകടിപ്പിച്ച ധീരൻ. ഒരു പ്രലോഭനത്തിലും വീഴാത്ത, ഒരു വിലപേശലിനും വഴങ്ങാത്ത മനുഷ്യൻ.താങ്കൾക്ക് എത്തിപ്പിടിക്കാനാവുന്നതിലും വളരെയേറെ ഉയരത്തിലാണ് ആ ഉജ്ജ്വല ജീവിതമാതൃക.പിന്തുടരാൻ താങ്കൾക്കാവുമെന്ന് കരുതുന്നില്ല. പക്ഷെ, ഒറ്റിക്കൊടുക്കാതിരിക്കുകയെങ്കിലും ചെയ്യണം

'ഒരു ജൻമം' എന്ന സഖാവ് എം വി രാഘവന്റെ ആത്മകഥ വർഷങ്ങൾക്ക് മുമ്പ് പുറത്തിറങ്ങിയിട്ടുണ്ട്.ശ്രീ എം വി നികേഷ് കുമാർ...

Posted by MK Muneer on Sunday, November 11, 2018
Similar Posts