Kerala
ശബരിമല: ആചാരാനുഷ്ഠാനങ്ങളില്‍ ഇടപെടില്ല, സുരക്ഷാപ്രശ്നത്തില്‍ മാത്രമാണ് ഇടപെടുന്നതെന്ന് സര്‍ക്കാര്‍ കോടതിയില്‍
Kerala

ശബരിമല: ആചാരാനുഷ്ഠാനങ്ങളില്‍ ഇടപെടില്ല, സുരക്ഷാപ്രശ്നത്തില്‍ മാത്രമാണ് ഇടപെടുന്നതെന്ന് സര്‍ക്കാര്‍ കോടതിയില്‍

Web Desk
|
12 Nov 2018 5:28 AM GMT

ശബരിമലയില്‍ സ്ത്രീകളുടെ മൌലികാവകാശം ഉറപ്പുവരുത്തുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. സുഗമമായ തീര്‍ഥാടനം ഉറപ്പുവരുത്തേണ്ടത് സര്‍ക്കാറിന്റെ ഉത്തരവാദിത്തമാണെന്നും സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍.

ശബരിമലയില്‍ സ്ത്രീകളുടെ മൌലികാവകാശം ഉറപ്പുവരുത്തുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ആചാരാനുഷ്ഠാനങ്ങളില്‍ ഇടപെടില്ല. സുരക്ഷാപ്രശ്നത്തില്‍ മാത്രമാണ് സര്‍ക്കാര്‍ ഇടപെടുന്നത്. സുഗമമായ തീര്‍ഥാടനം ഉറപ്പുവരുത്തേണ്ടത് സര്‍ക്കാറിന്റെ ഉത്തരവാദിത്തമാണെന്നും കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് രണ്ട് ഹര്‍ജികളാണ് ഇന്ന് ഹൈക്കോടതി പരിഗണിച്ചത്. അഹിന്ദുക്കള്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശനം നടത്താന്‍ അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ളതാണ് ഒന്ന്. ശബരിമലയുടെയും ദേവസ്വം ബോര്‍ഡിന്റെയും കാര്യങ്ങളില്‍ സര്‍ക്കാര്‍ അനാവശ്യ ഇടപെടല്‍ നടത്തുന്നു എന്ന് ആരോപിച്ചുകൊണ്ടുള്ളതാണ് മറ്റൊരു ഹര്‍ജി. ഈ ഹര്‍ജിയിലാണ് സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. ഹര്‍ജികള്‍ പരിഗണിക്കുന്നത് കോടതി അടുത്ത തിങ്കളാഴ്ചത്തേക്ക് മാറ്റി.

മാധ്യമങ്ങളെ തടഞ്ഞത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജി കോടതി ഇന്ന് തീര്‍പ്പാക്കുകയായിരുന്നു. മാധ്യമങ്ങളെ നിയന്ത്രിച്ച സാഹചര്യം ഇപ്പോഴില്ല. അതിനാൽ ഹരജി പ്രസക്തമല്ല. മാധ്യമങ്ങളെ നിയന്ത്രിക്കുന്നതടക്കം പുതിയ സാഹചര്യങ്ങൾ ഉണ്ടായാൽ ഹരജിക്കാരന് കോടതിയെ സമീപിക്കാമെന്നും ഹൈകോടതി വ്യക്തമാക്കി. തുടർന്ന് മാധ്യമങ്ങളെ നിയന്ത്രിച്ചത് ചൂണ്ടിക്കാട്ടി സ്വകാര്യ ചാനൽ നൽകിയ ഹരജി ഹൈകോടതി തീർപ്പാക്കി.

സ്ത്രീ പ്രവേശനം സര്‍ക്കാര്‍ പൂര്‍ണമായും അംഗീകരിക്കുന്നതായി സര്‍ക്കാര്‍ ഇന്ന് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. സ്ത്രീകളുടെ മൗലികാവകാശങ്ങളുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാരിന് ഉത്തരവാദിത്വമുണ്ടെന്നും യഥാര്‍ഥ വിശ്വാസികള്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കാനുള്ള എല്ലാ ക്രമീകരണങ്ങളും ചെയ്യുമെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു.

ശബരിമലയുടെ ക്ഷേത്രകാര്യങ്ങളില്‍ മുഖ്യമന്ത്രിയും ഒരു ഘട്ടത്തിലും ഇടപെട്ടിട്ടില്ല. സുരക്ഷാ കാര്യങ്ങളില്‍ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. അത് മുഖ്യമന്ത്രിയുടെ ഉത്തരവാദിത്വമാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

ശബരിമലയില്‍ ഭക്തര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് ദേവസ്വം ബോര്‍ഡിന് കോടിക്കണക്കിന് രൂപ സംസ്ഥാന സര്‍ക്കാര്‍ ഖജനാവില്‍നിന്ന് നല്‍കുന്നുണ്ട്. ഈ പണം ചിലവാക്കുന്നത് സംബന്ധിച്ചുള്ള കാര്യങ്ങള്‍ ഉറപ്പുവരുത്താന്‍ സര്‍ക്കാരിന് ഇടപെടല്‍ നടത്താന്‍ അവകാശമുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. നാനാ ജാതി മതസ്ഥര്‍ക്ക് പ്രവേശനമുള്ള ക്ഷേത്രമാണ് ശബരിമലയെന്നും അതാണ് ശബരിമലയുടെ പാരമ്പര്യമെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു.

Similar Posts