ശബരിമല മതേതര ക്ഷേത്രമെന്ന് സര്‍ക്കാര്‍
|ശബരിമല ഗോത്രവര്‍ഗ ആരാധനാലയമാണെന്ന വാദവും ബുദ്ധമത ക്ഷേത്രമായിരുന്നുവെന്ന വാദവും സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ പരാമാര്‍ശിക്കുന്നുണ്ട്.
ശബരിമലയില്‍ അഹിന്ദുക്കള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തരുതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ശബരിമല മതനിരപേക്ഷ ക്ഷേത്രമാണെന്നും സര്‍ക്കാര്‍ സത്യവാങ്മൂലം നല്കി. ശബരിമലയിലെ സുരക്ഷാവിഷയങ്ങളില്‍ ഇടപെടുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
ശബരിമലയില്‍ അഹിന്ദുക്കള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തണമെന്ന ഹര്‍ജിയില്‍ തിരുമാനമെടുക്കും മുന്‍പ് വിവിധ സംഘടനകളുടെ ഭാഗം കേള്‍ക്കണമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അഹിന്ദുക്കളെ ശബരിമലയില്‍ പ്രേവേശിപ്പിക്കരുതെന്ന ഹരജിയിലാണ് വിശദീകരണം. വിശാലമായ പൊതുതാല്‍പ്പര്യവും മതനിരപേക്ഷതയും പരിഗണിക്കേണ്ട വിഷയമാണിത്. ശബരിമലയില്‍ ജാതി- മത വിലക്കില്ല.
വാവര് നട ശബരിമലയുടെ ഭാഗമാണ്. മുസ്ലിങ്ങള്‍ ആരാധന നടത്തുന്ന വാവര് പള്ളി സന്ദര്‍ശിച്ച ശേഷമാണ് ശബരിമലയിലെ ഭക്തര്‍ സന്നിധാനത്തേക്ക് പോകുന്നത്. അയ്യപ്പന്റെ ഉറക്കുപാട്ടായ ഹരിവരാസനം പാടിയത് ക്രിസ്തുമത വിശ്വാസിയായ യേശുദാസാണ്. അദ്ദേഹം ശബരിമലയില്‍ പോകാറുണ്ട്. ശബരിമല ഗോത്രവര്‍ഗ ആരാധനാ കേന്ദ്രമായിരുന്നുവെന്നും ബുദ്ധമത ക്ഷേത്രമായിരുന്നുവെന്നും വാദമുണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.
വഖഫ് ബോര്‍ഡ്, വാവര് ട്രസ്റ്റ്, മുസ്സീം സംഘടനകള്‍, ക്രിസ്ത്യന്‍ സംഘടനകള്‍, ഗോത്രവര്‍ഗ സംഘടനകള്‍ എന്നിവരെ കേസില്‍ കക്ഷിയാക്കണമെന്നുമാണ് സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ശബരിമലയിലെ ആചാര്യകാര്യങ്ങളില്‍ ഇടപെടില്ലെന്നും സ്ത്രീകളുടെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. യുവതി പ്രവേശവുമായി ബന്ധപ്പെട്ട സുപ്രിം കോടതി ഉത്തരവിന്റെ മറവില്‍ ചില രാഷ്ട്രീയ പാര്‍ട്ടികള്‍ അവരുടെ അജണ്ട നടപ്പാക്കുകയാണ്. പത്തിനും 50 നും മധ്യേ പ്രായമുള്ള സ്ത്രീകളുടെ മൗലികാവകാശം സര്‍ക്കാരിന് സംരക്ഷിക്കേണ്ടതുണ്ട്.
ശബരിമലയില്‍ ഭക്തരുടെ സുരക്ഷ മാത്രമാണ് മുഖ്യമന്ത്രി പൊലീസിനോട് നിര്‍ദേശിച്ചിട്ടുള്ളത്. ആചാരകാര്യങ്ങളില്‍ മുഖ്യമന്ത്രിയും ഇടപെട്ടിട്ടില്ല. ശബരിമലയില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നടക്കമുള്ളവര്‍ പ്രതിഷേധവുമായി എത്തുമെന്ന റിപോര്‍ട്ടുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ യഥാര്‍ത്ഥ വിശ്വാസികളുടെ സുരക്ഷ ഉറപ്പാക്കുകയാണ് ചെയ്തതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.