വിദ്വേഷ പ്രസംഗം: ശ്രീധരന് പിള്ളക്കെതിരായ കേസ് പിന്‍വലിക്കില്ലെന്ന് സര്‍ക്കാര്‍
|ശബരിമല തന്ത്രിയോട് സുപ്രീംകോടതി വിധി ലംഘിക്കാനാണ് ശ്രീധരന് പിള്ള ആഹ്വാനം നടത്തിയത്
ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന് പിള്ളക്കെതിരായ കേസ് പിന്‍വലിക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്കി. ശബരിമല തന്ത്രിയോട് സുപ്രീംകോടതി വിധി ലംഘിക്കാനാണ് പിള്ള ആഹ്വാനം നടത്തിയത്. പ്രസംഗം ജനങ്ങള്‍ക്കിടയില്‍ ഭീതിയും പരിഭ്രാന്തിയും പരത്തി. എന്‍.ഡി.എ നടത്തുന്ന രഥയാത്ര കലാപമുണ്ടാക്കാനാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
ഈ മാസം നാലാം തിയ്യതി കോഴിക്കോട് യുവമോര്‍ച്ച യോഗത്തിലായിരുന്നു പി.എസ് ശ്രീധരന് പിള്ളയുടെ വിദ്വേഷ പ്രസംഗം. ശബരിമലയില്‍ യുവതികള്‍ കയറിയാല്‍ നടയടയ്ക്കാന്‍ താനാണ് തന്ത്രിക്ക് ഉപദേശം നല്‍കിയതെന്നാണ് ശ്രീധരന്‍പിള്ള പ്രസംഗിച്ചത്. ശ്രീധരന് പിള്ളയുടെ പ്രസംഗം അയ്യപ്പഭക്തരെ കുറ്റകൃത്യം ചെയ്യാന്‍ പ്രേരിപ്പിക്കുന്നതാണെന്നും കുറ്റകരമായ പ്രവൃത്തിയാണെന്നും പൊലീസിന് നിയമോപദേശം ലഭിച്ചിരുന്നു. തുടര്‍ന്നാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്.
അതിനിടെ ശബരിമല സന്നിധാനത്ത് ചിത്തിര ആട്ടവിശേഷ പൂജക്കിടെയുണ്ടായ അക്രമത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. സ്പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. സന്നിധാനത്ത് അക്രമം നടന്നുവെന്നും ആചാരലംഘനം നടന്നുവെന്നും കമ്മീഷണര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.