ശബരിമല റിവ്യൂ ഹരജി: ജനുവരിയില്‍ തുറന്ന കോടതി വാദം കേള്‍ക്കും
|സ്ത്രീ പ്രവേശന വിധിക്ക് സ്റ്റേ ഇല്ല. വിധി നിലനില്ക്കും. റിവ്യൂഹരജികള്‍ക്കൊപ്പം റിട്ട് ഹരജികളും പരിഗണിക്കും. 49 പുന:പ്പരിശോധനാ ഹരജികളാണ് കോടതിയിലെത്തിയത്.
ശബരിമല വിധിക്കെതിരായ പുന:പരിശോധന ഹരജികള്‍ ജനുവരി 22 ന് തുറന്ന കോടതിയില്‍ പരിഗണിക്കാന്‍ സുപ്രീം കോടതി ഭരണഘടന ബഞ്ചിന്റെ തീരുമാനം. എന്നാല്‍ യുവതീ പ്രവേശനം അനുവദിച്ച വിധി സ്റ്റേ ചെയ്തില്ല. നേരത്തെയുണ്ടായ വിധി നിലനില്‍ക്കുമെന്നും കൂടുതല്‍ നിയമോപദേശം തേടുമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
പുന:പരിശോധന ഹരജികള്‍ തുറന്ന കോടതിയില്‍ പരിഗണിക്കണമെന്ന ആവശ്യം അംഗീകരിക്കുന്നു. ശബരിമലയുമായി ബന്ധപ്പെട്ട എല്ലാ ഹരജികളും ഉചിതമായ ബഞ്ച് ജനുവരി 22 ന് പരിഗണിക്കും. എന്നാല്‍ ശബരിമലയില്‍ സ്ത്രീ പ്രവേശം അനുവിച്ച സെപ്റ്റംബര്‍ 28 ലെ ഭരണഘടന ബഞ്ചിന്റെ വിധിയും ഉത്തരവും ഇപ്പോള്‍ സ്റ്റേ ചെയ്യുന്നില്ല എന്ന് ഞങ്ങള്‍ വ്യക്തത വരുത്തുന്നു. ഇതാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബഞ്ച് ചേംബറില്‍ സിറ്റിംഗ് നടത്തിയ ശേഷം പ്രസ്താവിച്ച ഉത്തവിന്റെ രത്ന ചുരുക്കം.
ആകെ 49 പുന:പരിശോധന ഹര്‍ജികള്‍ ആണ് ഇന്ന് കോടതിക്ക് മുന്നിലുണ്ടായിരുന്നത്. ഉച്ചക്ക് 3 ന് വൈകീട്ട് മൂന്നിന് ചീഫ് ജസ്റ്റിസിന്റെ ചേബറില്‍ ഇവ പരിശോധിച്ച ശേഷം കോടതി വെബ്സൈറ്റിലൂടെയാണ് തീരുമാനം അറിയിച്ചത്. നാല് റിട്ട് ഹര്‍ജികളും തുറന്ന കോടതിയില്‍ ജനുവരി 22 ന് സുപ്രീം കോടതി പരിഗണിക്കും.