ഭരണഘടനാ വിധി നിലനില്‍ക്കും
|ശബരിമല സ്ത്രീ പ്രവേശന വിധിക്കെതിരായ റിവ്യൂ ഹരജികള്‍ ജനുവരി 22ന് തുറന്ന കോടതിയില്‍ വാദം കേള്‍ക്കുമെന്ന് സുപ്രീം കോടതി
ശബരിമല സ്ത്രീ പ്രവേശന വിധിക്കെതിരായ റിവ്യൂ ഹരജികള്‍ ജനുവരി 22ന് തുറന്ന കോടതിയില്‍ വാദം കേള്‍ക്കുമെന്ന സുപ്രീം കോടതിയുടെ തീരുമാനം ഭരണഘടനാ വിധിയെ നിയമപരമായി റദ്ദാക്കുന്നില്ല എന്ന് ജസ്റ്റിസ് കമാല്‍ പാഷ അഭിപ്രായപ്പെട്ടു. ”നിയമപരമായി ഭരണഘടനാ വിധി നിലനില്‍ക്കുമെങ്കിലും സര്‍ക്കാറിന് സാവകാശം എടുക്കാവുന്നതാണ്. സുപ്രീം കോടതി തന്നെ സംശയത്തിലായതിനാലാണ് റിവ്യൂ ഹരജി ജനുവരി 22ലേക്ക് വാദം കേള്‍ക്കാന്‍ നീട്ടിവെച്ചിരിക്കുന്നത്. അതിനാല്‍ റിവ്യൂ ഹരജിയില്‍ അന്തിമ തീരുമാനമാകുന്നതുവരെ സര്‍ക്കാറിന് ഭരണഘടനാ വിധി നീട്ടിവെക്കാവുന്നതാണ്”എന്നും അദ്ദേഹം മീഡിയ വണ്ണിനോട് പറഞ്ഞു.
സെപ്റ്റംബറിലുണ്ടായ ഭരണഘടനാ ബെഞ്ചിന്‍റെ വിധി, റിവ്യൂ ഹരജി അന്തിമ വിധിയാവുന്നത് വരെ സ്റ്റേ ചെയ്തുവെന്ന് ലിഖിത രൂപത്തില്‍ സുപ്രീം കോടതി ഉത്തരവിട്ടാല്‍ മാത്രമെ സര്‍ക്കാറിന് ഭരണഘടനാ വിധി നടപ്പാക്കാതിരിക്കാന്‍ ബാധ്യതയുള്ളൂവെന്ന് നിയമവിദഗ്ധന്‍ കാളിശ്വരം രാജ് അഭിപ്രായപ്പെട്ടു. നിയമപരമായി സ്ത്രീകള്‍ക്ക് ശബരിമലയില്‍ പോകാനുള്ള അവകാശമുണ്ട്. അത് ചെയ്ത്കൊടുക്കാനുളള ബാധ്യത സര്‍ക്കാരിനുമുണ്ട്. എന്നാല്‍ ഔചിത്വത്തിന്‍റെ പേരില്‍ വേണമെങ്കില്‍ സര്‍ക്കാരിന് റിവ്യൂ ഹരജിയില്‍ അന്തിമ വിധി വരുന്നത് വരെ ഭരണഘടനാ വിധി നിട്ടിവെക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.