‘ശബരിമലയില്‍ നടക്കുന്നത് സമരാഭാസം, ആത്മീയത മാര്‍ക്കറ്റ് ചെയ്യുന്നവരാണ് ബി.ജെ.പി’: വെള്ളാപ്പള്ളി
|‘ഒരു തന്ത്രിയും ഒരു രാജാവും ഒരു സമുദായവും ചേര്‍ന്ന് കേരളത്തില്‍ സൃഷ്ടിയും സംഹാരവും നടത്തുകയാണ്’
ശബരിമല വിഷയത്തില്‍ നടക്കുന്ന സമരാഭാസം അവസാനിപ്പിക്കണമെന്ന് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ശബരിമലയെ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ ആരും ശ്രമിക്കരുത്. ഒരു തന്ത്രിയും ഒരു രാജാവും ഒരു സമുദായവും ചേര്‍ന്ന് കേരളത്തില്‍ സൃഷ്ടിയും സംഹാരവും നടത്തുകയാണെന്നും അദ്ദേഹം ആലപ്പുഴയില്‍ പറഞ്ഞു.
മുന്നാക്കക്കാരുടെ സര്‍വാധിപത്യം സ്ഥാപിക്കാനുള്ള ശ്രമമാണ് ശബരിമലയില്‍ നടക്കുന്നത്. ശബരിമല യുവതീ പ്രവേശന വിഷയത്തിൽ കോടതി വിധി മാനിച്ച് ബി.ഡി.ജെ.എസ് അടക്കമുള്ള രാഷ്ട്രീയ പാർട്ടികൾ പ്രതിഷേധത്തിൽ നിന്ന് പിന്മാറണമെന്നാണ് എസ്.എൻ.ഡി.പിയുടെ അഭിപ്രായമെന്ന് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.
അൽപമെങ്കിലും ബുദ്ധിയുണ്ടെങ്കിൽ സർവകക്ഷി യോഗത്തിൽ ബി.ജെ.പി പങ്കെടുക്കും. ബി.ജെ.പിയുടെ രാഷ്ട്രീയത്തെ രാഷ്ട്രീയം കൊണ്ടാണ് നേരിടേണ്ടത്, അല്ലാതെ ആത്മീയതയെ മാർക്കറ്റു ചെയ്തു കൊണ്ടല്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
സർവകക്ഷി യോഗത്തിലേക്ക് ക്ഷണിച്ചില്ലെങ്കിലും എസ്.എൻ.ഡി.പിക്ക്
യാതൊരു പരാതിയുമില്ല. വിഷപ്പാമ്പുകളെ വിളിച്ചിരുത്തി സർക്കാർ തന്നെ വിഷമിറക്കട്ടെ. ശബരിമലയിൽ പിന്നോക്കക്കാരനോ, ആദിവാസിയോ മേൽശാന്തിയായി വരണമെന്നാണ് എസ്.എൻ.ഡി.പിയുടെ ആഗ്രഹമെന്നും വെള്ളാപ്പള്ളി നടേശൻ കൂട്ടിച്ചേർത്തു.