Kerala
ശബരിമല യുവതിപ്രവേശം തുറന്ന കോടതിയിലെ വാദം: സൗമ്യ കേസിലെ സമാന സാഹചര്യമെന്ന് നിയമജ്ഞര്‍
Kerala

ശബരിമല യുവതിപ്രവേശം തുറന്ന കോടതിയിലെ വാദം: സൗമ്യ കേസിലെ സമാന സാഹചര്യമെന്ന് നിയമജ്ഞര്‍

Web Desk
|
14 Nov 2018 5:13 AM GMT

ശബരിമല സ്ത്രീ പ്രവേശനവിധി പുനഃപരിശോധിക്കേണ്ടതുണ്ടോ എന്ന് തുറന്ന കോടതിയില്‍ വാദം കേട്ട ശേഷം സൗമ്യകേസിന് സമാനമായി പുനഃപരിശോധന ഹര്‍ജികള്‍ തള്ളാനുള്ള സാധ്യതയും നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു,

ശബരിമല വിധിക്കെതിരായ പുനഃപരിശോധന ഹര്‍ജികളുടെ മെറിറ്റിലേക്ക് ജനുവരി 22 നായിരിക്കും സുപ്രീം കോടതി കടക്കുക. സ്ത്രീ പ്രവേശന വിധി പുനഃപരിശോധിക്കേണ്ടതുണ്ടോ എന്ന് തുറന്ന കോടതിയില്‍ വാദം കേട്ട ശേഷം സുപ്രീം കോടതി തീരുമനിക്കും. വാദം കേട്ട ശേഷം സൗമ്യകേസിന് സമാനമായി പുനഃപരിശോധന ഹര്‍ജികള്‍ തള്ളാനുള്ള സാധ്യതയും നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു,

സുപ്രീം കോടതിയുടെ ഭരണഘടന ബഞ്ചിന്‍റെ വിധികള്‍ക്കെതിരെ സമര്‍പ്പിക്കപ്പെട്ട പുനഃപരിശോധന ഹര്‍ജികള്‍ കോടതി മുഖവിലക്കെടുത്ത് മുന്‍ വിധികള്‍‌ തിരുത്തിയ ചരിത്രമില്ല. ഇത്തമൊരു പശ്ചാതലത്തിലാണ് ശബരിമല വിഷയത്തില്‍ പുനഃപരിശോധന ഹര്‍ജികള്‍‌ തുറന്ന കോടതിയിലേക്ക് വിടുക എന്ന നിര്‍ണായക തീരുമാനം ഇന്നലെ സുപ്രീം കോടതി കൈകൊണ്ടത്. എന്നാല്‍ ഈ ഹര്‍ജികള്‍ക്കാധാരമായ സ്ത്രീ പ്രവേശന വിധി സ്റ്റേ ചെയ്യാന്‍ കോടതി തയ്യാറാകാത്തത് ശ്രദ്ധേയമായി.

ഇതോടെ നേരത്തെ സൌമ്യ വധ്യക്കേസിലുണ്ടായ സമാന സാഹചര്യം ഇവിടെയും രൂപപ്പെട്ടിരിക്കുന്നുവെന്നാണ് നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. 2016 ആഗസ്റ്റില്‍, ഗോവിന്ദ ചാമിക്ക് ശിക്ഷ ഇളവ് നല്‍കിയ വിധിക്കെതിരായി സൌമ്യയുടെ അമ്മയും സര്‍ക്കാരും സമര്‍പ്പിച്ച പുനഃപരിശോധന ഹര്‍ജികള്‍ തുറന്ന കോടതിയില്‍ വാദം കേട്ട ശേഷം സുപ്രീം കോടതി തള്ളിയിരുന്നു. ശബരിമല കേസിലും ഇത് ആവര്‍ത്തിക്കാനുള്ള സാധ്യതയേറെ. പക്ഷേ, കേസ് തുറന്ന കോടതിയിലെത്തുമ്പോള്‍ വിശദമായി വാദം പറയാന്‍ കഴിയും എന്നത് പുനഃപരിശോധനാ ഹര്‍ജിക്കാര്‍ക്ക് പ്രതീക്ഷയും ആശ്വാസവുമേകും.

ഇതിനകം സമര്‍പ്പിക്കപ്പെട്ട 50 പുനഃപരിശോധന ഹര്‍ജികളും 4 റിട്ടുകളും സുപ്രീം കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. ജനുവരി 22 ന് ഇവ ഒന്നിച്ച് പരിഗണിക്കുമെങ്കിലും ആദ്യം തീരുമാനമെടുക്കുക പുനഃപരിശോധന ഹര്‍ജികളുടെ കാര്യത്തിലാകും.‌

Related Tags :
Similar Posts