‘സംവരണ വിഭാഗക്കാരെ ഭരണ സര്‍വീസില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ സര്‍ക്കാര്‍ ശ്രമം’
|കെ.എ.എസില്‍ പൂര്‍ണ സംവരണം വേണമെന്ന സംസ്ഥാന പട്ടികജാതി കമ്മീഷനും ന്യൂനപക്ഷ കമ്മീഷനും ഉത്തരവിട്ടിട്ടും സംവരണം മൂന്നിലൊന്ന് ഭാഗത്തിന് മാത്രമായി സര്‍ക്കാര്‍ പരിമിതപ്പെടുത്തി.
കേരള ഭരണ സര്‍വീസില്‍ സംവരണം നിഷേധിക്കാനുള്ള സര്‍ക്കാര്‍ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് സംസ്ഥാന പട്ടികജാതി-പട്ടികവര്‍ഗ കമ്മീഷന്‍ ചെയര്‍മാന്‍. ഭരണഘടനാ വിരുദ്ധമാണ് സര്‍ക്കാര്‍ നിലപാടെന്നും സംവരണ വിഭാഗങ്ങളെ ഉന്നത ഉദ്യോഗസ്ഥ തലങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള ഗൂഢ നീക്കം നടക്കുന്നതായും ചെയര്‍മാന്‍ ബി.എസ് മാവോജി ആരോപിച്ചു.
കെ.എ.എസില്‍ പൂര്‍ണ സംവരണം വേണമെന്ന സംസ്ഥാന പട്ടികജാതി കമ്മീഷനും ന്യൂനപക്ഷ കമ്മീഷനും ഉത്തരവിട്ടിട്ടും സംവരണം മൂന്നിലൊന്ന് ഭാഗത്തിന് മാത്രമായി പരിമിതപ്പെടുത്തി മുന്നോട്ട് പോകാനാണ് സര്‍ക്കാര്‍ തീരുമനിച്ചിരിക്കുന്നത്. ഭരണഘടനാ വിരുദ്ധമായ നടപടിയാണ് സര്‍ക്കാരിന്റേതെന്ന് പട്ടികജാതി പട്ടികവര്‍ഗ കമ്മീഷന്‍ ചെയര്‍മാന്‍ മാവോജി പറഞ്ഞു.
സംവരണ നിഷേധത്തിന് പിന്നില്‍ ഗൂഢ നീക്കം നടക്കുന്നുണ്ട്. ഭരണഘടനയുടെ 16 (4എ) അനുഛേദത്തിനും ജൂണ്‍ 5ലെ സുപ്രിംകോടതി വിധിക്കും എതിരാണ് തീരുമാനം. പ്രതിനിധ്യക്കുറവ് പരിശോധിച്ച് പിന്നീട് സംവരണം നല്‍കാമെന്നത് മറ്റൊരു തന്ത്രമാണെന്നും മാവോജി കൂട്ടിചേര്‍ത്തു.
കേരള ഭരണ സര്‍വീസ് നിയമനം സംബന്ധിച്ച അന്തിമ വിജ്ഞാപനം പുറത്തിറക്കാന്‍ സര്‍ക്കാര്‍ തയാറെടുക്കുന്നതിന് ഇടേയാണ് പട്ടികജാതി കമ്മീഷന്‍ ചെയര്‍മാന്‍റെ വിമര്‍ശം.