ശബരിമല നട നാളെ തുറക്കും; സംഘർഷ സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷ
|നാളെ രാവിലെ 11 മണിക്ക് ശേഷം മാത്രമായിക്കും തീർഥാടകർക്ക് പമ്പയിലേക്ക് പ്രവേശനം അനുവദിക്കുക.
മണ്ഡലകാല തീർഥാടനത്തിനായി ശബരിമല നട നാളെ തുറക്കും. സംഘർഷ സാധ്യത കണക്കിലെടുത്ത് ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് സന്നിധാനം മുതൽ നിലക്കൽ വരെയുള്ള പ്രദേശങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്നത്. സുരക്ഷ ക്രമീകരണങ്ങൾ വിലയിരുത്താൻ വൈകിട്ട് 5 മണിക്ക് പോലീസ് ഉന്നതതല യോഗം ചേരും.
നാളെ വൈകിട്ട് അഞ്ച് മണിക്ക് തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി ഉണ്ണികൃഷ്ണൻ നമ്പൂതിരി നട തുറക്കും. തുടർന്ന് ശബരിമലയിലെയും മാളികപ്പുറത്തെയും പുതിയ മേൽശാന്തി മാരായ വി.എൻ വാസുദേവൻ നമ്പൂതിരിയും എം.എൻ നാരായണൻ നമ്പൂതിരിയും സ്ഥാനാരോഹണം നടത്തും. നാളെ രാവിലെ 11 മണിക്ക് ശേഷം മാത്രമായിക്കും തീർഥാടകർക്ക് പമ്പയിലേക്ക് പ്രവേശനം അനുവദിക്കുക. 12 മണിക്ക് ശേഷം നിലയ്ക്കലിൽ നിന്ന് പമ്പയിലേക്ക് തീർഥാടകരെയുമായി ആദ്യ കെ.എസ്.ആർ.ടി.സി ബസ് പുറപ്പെടും.
ചിത്തിര ആട്ട വിശേഷ പൂജാ സമയത്തിന് സമാനമായി മാധ്യമ പ്രവർത്തകർക്കും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇരുപതിനായിരത്തോളം വരുന്ന സുരക്ഷാ ഉദ്യോഗസ്ഥരെ സന്നിധാനം മുതൽ നിലയ്ക്കൽ വരെ വിന്യസിക്കാനാണ് ആലോചനകൾ നടക്കുന്നത്. വൈകിട്ട് ചേരുന്ന ഉന്നതതല യോഗത്തിന് ശേഷം ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കും. സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി വിവിധ സുരക്ഷാ ഏജൻസികൾ സർക്കാരിന് റിപ്പോർട്ട് നൽകിയിട്ടുണ്ട്. സാഹചര്യം ദേശവിരുദ്ധ ശക്തികൾ മുതലെടുക്കുമെന്ന രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ടും സർക്കാരിന് മുന്നിലുണ്ട്.
അതിനിടെ കാൽനട മാർഗ്ഗം പമ്പയിലേക്ക് പുറപ്പെട്ട അയ്യപ്പഭക്തരെ അഴുതയിൽ പോലീസ് തടഞ്ഞു. പ്രളയത്തിൽ തകർന്ന പമ്പയിലെ അയ്യപ്പഭക്തർക്ക് വേണ്ട സംവിധാനങ്ങൾ പുനസ്ഥാപിക്കാൻ കഴിയാത്തതും മണ്ഡലകാലത്ത് പ്രതിസന്ധി തീർക്കും. പരമാവധി ബയോ ടോയ്ലറ്റ് സംവിധാനങ്ങൾ അടക്കം ഏർപ്പെടുത്തി പ്രതിസന്ധി മറികടക്കാനാണ് സർക്കാർ ശ്രമം.