നിലക്കലില്‍ ജലം വിതരണം ചെയ്യുന്നതിനുള്ള സംവിധാനങ്ങള്‍ പൂര്‍ത്തിയാക്കിയതായി മാത്യു ടി.തോമസ്
|25 ലക്ഷം ലിറ്റര്‍ ശുദ്ധ ജലം വിതരണം ചെയ്യുന്നതിനുള്ള ഒരുക്കങ്ങള്‍ മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിന് മുന്നോടിയായാണ് പൂര്‍ത്തിയായത്
ശബരിമല ബേസ് ക്യാമ്പായ നിലക്കലില്‍ ജലവിഭവ വകുപ്പ് 65.75 ലക്ഷം ലിറ്റര്‍ ജലം വിതരണം ചെയ്യുന്നതിനുള്ള സംവിധാനങ്ങള്‍ പൂര്‍ത്തിയാക്കിയതായി മന്ത്രി മാത്യു ടി.തോമസ്. 25 ലക്ഷം ലിറ്റര്‍ ശുദ്ധ ജലം വിതരണം ചെയ്യുന്നതിനുള്ള ഒരുക്കങ്ങള്‍ മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിന് മുന്നോടിയായാണ് പൂര്‍ത്തിയായത്. കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിനും സംവിധാനം ഒരുക്കിയിട്ടുണ്ട്.
നിലക്കിലില് നിലവില്‍ 40 ലക്ഷം ലിറ്റര്‍ വെള്ളം സംഭരിക്കുന്നതിനും വിതരണം ചെയ്യുന്നതിനുള്ള സംവിധാനമാണ് ഉണ്ടായിരുന്നത്. പ്രളയത്തിന് ശേഷം നിലക്കലില്‍ അധിക സൌകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായാണ് 25 ലക്ഷം ലിറ്റര്‍ ശുദ്ധ ജലം വിതരണം ചെയ്യുന്നതിനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയത്. ഇതിനായി പുതുതായി 5 ലക്ഷം ലിറ്റര്‍ ശേഷിയുള്ള രണ്ട് ടാങ്കുകള്‍ സ്ഥാപിച്ചു. ഒരെണ്ണം കൂടി ഉടന്‍ സജ്ജമാക്കും. ഒപ്പം 5000 ലിറ്റര്‍ ശേഷിയുള്ള 215 പി.വി.സി ടാങ്കുകളും ഒരുക്കിയിട്ടുണ്ട്.പൈപ്പിടുന്നതിനുള്ള നടപടികള്‍ ചിലയിടങ്ങളില്‍ പൂര്‍ത്തിയാകാനുണ്ടെങ്കിലും മണ്ഡല കാലം ആരംഭിക്കുന്നതിന് മുന്നോടിയായി ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാനാവുമെന്ന് മാത്യു ടി.തോമസ് പറഞ്ഞു.
27 ആര്.ഒ പ്ലാന്റുകളില്‍ നിന്നുള്ള കുടിവെള്ളം 300 കിയോസ്കുകള്‍ വഴി വിതരണം ചെയ്യും. ഇതില്‍ 170 എണ്ണം ഇപ്പോള്‍ സ്ഥാപിച്ചിട്ടുണ്ട്. ബാക്കിയുള്ളവ ആവശ്യാനുസരണം സ്ഥാപിക്കും. ആയിരം ടാപ്പുകളിലൂടെയാവും കുടിവെളള വിതരണം. പമ്പയില്‍ നിന്നും സീതത്തോടില്‍ നിന്നും ടാങ്കറുകളില്‍ വെളളം എത്തിച്ച് ശുദ്ധീകരിച്ചാണ് വിതരണം ചെയ്യുക.