സംഘ്പരിവാര്‍ പ്രതിഷേധം: ശബരിമല ദര്‍ശനം നടത്താതെ തൃപ്തി ദേശായി തിരിച്ചുപോകും
|മടങ്ങിപ്പോയാലും കൂടുതല്‍ ഒരുക്കം നടത്തി മല കയറാന്‍ വീണ്ടും എത്തും. തനിക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ബന്ധമില്ല. ലിംഗസമത്വത്തിനായാണ് പോരാടുന്നതെന്നും തൃപ്തി വ്യക്തമാക്കി.
ശബരിമല ദര്‍ശനത്തിനായെത്തിയ വനിതാവകാശ പ്രവര്‍ത്തക തൃപ്തി ദേശായി തിരിച്ചുപോകാന്‍ തീരുമാനിച്ചു. സംഘ്പരിവാര്‍ പ്രതിഷേധത്തെ തുടര്‍ന്നാണ് തീരുമാനം. രാത്രി 9.30നുള്ള വിമാനത്തില്‍ തൃപ്തി ദേശായിയും സംഘവും മടങ്ങും.
പ്രതിഷേധം കാരണം 14 മണിക്കൂറാണ് തൃപ്തി പുറത്തിറങ്ങാനാകാതെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കുടുങ്ങിയത്. കേരളത്തില്‍ ക്രമസമാധാന പ്രശ്നമുണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പൊലീസുമായി നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് തൃപ്തി ദേശായി നിലപാട് വ്യക്തമാക്കിയത്.
മടങ്ങിപ്പോയാലും കൂടുതല്‍ ഒരുക്കം നടത്തി മല കയറാന്‍ വീണ്ടും എത്തും. തനിക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ബന്ധമില്ല. ലിംഗസമത്വത്തിനായാണ് പോരാടുന്നതെന്നും തൃപ്തി വ്യക്തമാക്കി.
ശബരിമലയില്‍ ദര്‍ശനം നടത്താതെ മടങ്ങില്ലെന്നാണ് ഇന്ന് വൈകിട്ട് നാല് മണി വരെ തൃപ്തി ദേശായി നിലപാടെടുത്തത്. ശബരിമലയില്‍ നാളെ ദര്‍ശനം നടത്തുമെന്നാണ് നേരത്തെ തൃപ്തി ദേശായി മീഡിയവണിനോട് പറഞ്ഞത്. സുപ്രീംകോടതി വിധിയുടെ ലംഘനമാണ് ഇപ്പോള്‍ നടക്കുന്നത്. ദര്‍ശനത്തിന് സര്‍ക്കാര്‍ സംരക്ഷണം നല്‍കിയില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും തൃപ്തി ദേശായി പറയുകയുണ്ടായി. എന്നാല്‍ കനത്ത പ്രതിഷേധത്തെ തുടര്‍ന്ന് തൃപ്തി മല കയറാതെ മടങ്ങുകയാണ്.
നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിനുള്ളിലാണ് ഇപ്പോള്‍ അവരുള്ളത്. ശബരിമല സന്ദര്‍ശിക്കാനായി ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയയടക്കമുള്ള ആറംഗ യുവതീസംഘവും ഇന്ന് പുലര്‍ച്ചെയാണ് കേരളത്തിലെത്തിയത്. സംഘ്പരിവാര്‍ സംഘടനകളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് തൃപ്തിക്കും സംഘത്തിനും എയര്‍പോര്‍ട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിഞ്ഞില്ല.
വിമാനത്താവളത്തിന് പുറത്ത് നാമജപവുമായാണ് ബി.ജെ.പി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വന്‍ സംഘം പ്രതിഷേധവുമായെത്തിയത്. ബി.ജെ.പി ജില്ലാ സെക്രട്ടറി എം.എന്‍ ഗോപിയുടെ നേതൃത്വത്തിലാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ വിമാനത്താവളത്തിന് മുമ്പില്‍ തമ്പടിച്ചിരിക്കുന്നത്. പ്രതിഷേധം ഭയന്ന് തൃപ്തിയെയും സംഘത്തേയും ഹോട്ടലിലെത്തിക്കാന്‍ ടാക്സി ഡ്രൈവര്‍മാരും തയ്യാറായില്ല.
പ്രതിഷേധത്തിനിടെ തൃപ്തിയെയും സംഘത്തെയും കാർഗോ ടെർമിനൽ വഴി പുറത്തെത്തിക്കാൻ ശ്രമിച്ചുവെങ്കിലും ഉടൻ തന്നെ പ്രതിഷേധക്കാർ സംഘടിച്ചെത്തി കാർഗോ ടെർമിനലും ഉപരോധിക്കുകയായിരുന്നു.
തൃപ്തിയും സംഘവും മടങ്ങിയാല്‍ മാത്രമേ പിരിഞ്ഞുപോകൂ എന്നാണ് പ്രതിഷേധക്കാരുടെ നിലപാട്. വിമാനത്താവളത്തിലെ സമര നിരോധിത മേഖലയില്‍ പ്രതിഷേധിച്ചതിനും തൃപ്തിയുടെ സഞ്ചാരസ്വാതന്ത്ര്യം തടഞ്ഞതിനും കണ്ടാലറിയുന്ന 250 പേര്‍ക്കെതിരെ കേസെടുത്തു.