ശബരിമല: കർശന നിയന്ത്രണങ്ങള്‍ പൊലീസ് പിന്‍വലിച്ചു
|കടകളും ദേവസ്വം കൊണ്ടറുകളും രാത്രി അടക്കണമെന്ന നിര്‍ദേശമാണ് പിന്‍വലിച്ചത്
ശബരിമലയിൽ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഏര്‍പ്പെടുത്തിയ കർശന നിയന്ത്രണങ്ങള്‍ പൊലീസ് പിന്‍വലിച്ചു. കടകളും ദേവസ്വം കൊണ്ടറുകളും രാത്രി അടക്കണമെന്ന നിര്‍ദേശമാണ് പിന്‍വലിച്ചത്. ദേവസ്വം ബോര്‍ഡിന്റെ എതിര്‍പ്പിനെ തുടര്‍ന്നാണ് തീരുമാനം.
പ്രസാദ കൗണ്ടറുകൾ രാത്രി 10 മണിക്കും അന്നദാന മണ്ഡപം രാത്രി 11 മണിക്കും അടയ്ക്കണമെന്നാണ് ദേവസ്വം ബോർഡിന് പൊലീസ് നല്കിയ നിര്‍ദേശം. നേരത്തെ 24 മണിക്കൂറും പ്രവർത്തിച്ചിരുന്ന ഹോട്ടലുകൾ രാത്രി 11 മണിക്ക് ശേഷം പ്രവർത്തിക്കാൻ പാടില്ല. 11 മണിക്ക് ശേഷം സന്നിധാനത്ത് ഗസ്റ്റ് ഹൗസ് ഉൾപ്പടെയുള്ളവയിൽ താമസ സൗകര്യത്തിന് മുറികൾ നൽകരുതെന്നും പൊലീസ് നിര്‍ദേശം നല്കി. ഇക്കാര്യം ബോര്‍ഡ് തന്നെ സ്ഥിരീകരിക്കുകയും ചെയ്തു.
കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാകുന്ന നിയന്ത്രണത്തിനെതിരെ ദേവസ്വം ബോര്‍ഡ് രംഗത്തെത്തി. ഇത്തരം നിയന്ത്രണങ്ങളുമായി മുന്നോട്ടുപോകാനാകില്ലെന്ന് പ്രസിഡന്റ് തന്നെ പരസ്യമായി പ്രഖ്യാപിച്ചു.
പിന്നാലെയാണ് നിയന്ത്രണങ്ങള്‍ ഇല്ലെന്ന് ഡി.ജി.പി തന്നെ വിശദീകരണം നല്‍കിയത്. ഹോട്ടലുകളും കൌണ്ടറുകളും അടക്കാന്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്നാണ് ലോക്നാഥ് ബെഹ്റയുടെ വിശദീകരണം.