ശബരിമല യുവതീ പ്രവേശനം: സാവകാശം തേടി ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയിലേക്ക്
|ശബരിമലയിലുണ്ടായ അക്രമസംഭവങ്ങള്‍ കോടതിയെ അറിയിക്കും.
ശബരിമല യുവതീ പ്രവേശന വിധി നടപ്പാക്കുന്നതിന് സാവകാശം തേടി സുപ്രീംകോടതിയെ സമീപിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു. സാധ്യമെങ്കില്‍ നാളെത്തന്നെ ഹര്‍ജി ഫയല്‍ ചെയ്യുമെന്ന് ബോർഡ് പ്രസിഡന്റ് എ.പദ്മകുമാർ പറഞ്ഞു. മുതിർന്ന അഭിഭാഷകനായ സി.യു സിങ് ബോര്‍ഡിന് വേണ്ടി ഹാജരാകും.
പമ്പയിൽ ചേർന്ന ദേവസ്വം ബോർഡ് യോഗത്തിലാണ് യുവതീ പ്രവേശന വിധിയിൽ സാവകാശം അവശ്യപ്പെട്ടുള്ള ഹരിജി സുപ്രീംകോടതിയിൽ സമർപ്പിക്കൻ തീരുമാനമായത്. ബോർഡിന് ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ എത്രയും വേഗം ഹരജി ഫയല്‍ ചെയ്യും.
സ്ത്രീ പ്രവേശന വിധി വന്ന ശേഷം രണ്ട് തവണ നട തുറന്നപ്പോഴുണ്ടായ സാഹചര്യങ്ങൾ മുൻനിർത്തിയാണ് സാവകാശ ഹരജി സമർപ്പിക്കുക. ഇക്കാര്യങ്ങൾ എല്ലാം കോടതിയെ ധരിപ്പിക്കും. പ്രളയം പമ്പയിൽ തീർത്ത നാശനഷ്ടങ്ങൾ മുൻ ഒരുക്കങ്ങളെ ബാധിച്ചിട്ടുണ്ട്. ഇതും കോടതിയെ അറിയിക്കും. നിലയ്ക്കലിൽ രാവിലെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനുമായി കൂടിക്കാഴ്ച്ച നടത്തിയ ശേഷമാണ് പമ്പയിൽ ദേവസ്വം ബോർഡ് യോഗം ചേർന്നത്.
സാവകാശ ഹരജി നല്‍കാനുള്ള ദേവസ്വം ബോര്‍ഡ് തീരുമാനം വൈകി വന്ന വിവേകമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. നേരത്തെ തീരുമാനമെടുത്തിരുന്നെങ്കില്‍ പ്രശ്നങ്ങള്‍ ഒഴിവാക്കാമായിരുന്നു. മുഖ്യമന്ത്രിയുടെ പിടിവാശിയാണ് നടപടികള്‍ വൈകിപ്പിച്ചതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.