തൃപ്തി ദേശായിക്കെതിരെ മുംബൈയിലും പ്രതിഷേധം: എയര്‍പോര്‍ട്ടില്‍ നിന്ന് പുറത്തുകടക്കാനായില്ല
|ശബരിമല ദര്‍ശനത്തിന് കേരളത്തിലെത്തി പ്രതിഷേധത്തെ തുടര്‍ന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയാതെ മടങ്ങേണ്ടി വന്ന് തൃപ്തി ദേശായിക്കെതിരെ മുംബൈയിലും പ്രതിഷേധം.
ശബരിമല ദര്‍ശനത്തിന് കേരളത്തിലെത്തി പ്രതിഷേധത്തെ തുടര്‍ന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയാതെ മടങ്ങേണ്ടി വന്ന് തൃപ്തി ദേശായിക്കെതിരെ മുംബൈയിലും പ്രതിഷേധം. മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ തൃപ്തി ദേശായിക്കെതിരെ വിമാനത്താവളത്തിനു മുന്നില്‍ നിരവധി ആളുകള്‍ പ്രതിഷേധവുമായെത്തി. മലയാളികളായ വിശ്വാസികളാണ് തൃപ്തി ദേശായിക്കെതിരെ പ്രതിഷേധവുമായെത്തിയത്. നാമജപം നടത്തിയാണ് ഇവരുടെ പ്രതിഷേധം. ഇതേതുടര്‍ന്ന് തൃപ്തിക്ക് വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങാനായില്ല.
ഇന്നലെ പുലര്‍ച്ചെ 4.30 ഓടുകൂടിയാണ് തൃപ്തി നെടുമ്പാശ്ശേരിയിലെത്തിയത്. എന്നാല്‍ വിശ്വാസികള്‍ പ്രതിഷേധ നാമജപവുമായി എത്തിയതോടെ വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ സാധിക്കാതെ രാത്രി 9.30 ന് മുംബൈയ്ക്ക് തിരിച്ചുപോകുകയായിരുന്നു. തൃപ്തി ദേശായി തിരിച്ചെത്തിയ വിവരം അറിഞ്ഞാണ് പ്രതിഷേധക്കാര്‍ മുംബൈ വിമാനത്താവളത്തിനുമുന്നില്‍ തടിച്ചുകൂടിയത്.
ഇനിയും കേരളത്തിലേക്കെത്തുമെന്നും ശബരിമലയില്‍ പോകുമെന്നും ഇവര്‍ തിരികെ പോകുന്നതിന് മുമ്പ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതാവാം മുംബൈ എയര്‍പോര്‍ട്ടില്‍ തൃപ്തിക്കെതിരെ പ്രതിഷേധവുമായി മലയാളികള്‍ സംഘടിക്കാന്‍ കാരണമായത്.