Kerala
ശശികലക്ക് ഉപാധികളോടെ ശബരിമല ദര്‍ശനത്തിന് അനുമതി
Kerala

ശശികലക്ക് ഉപാധികളോടെ ശബരിമല ദര്‍ശനത്തിന് അനുമതി

Web Desk
|
19 Nov 2018 3:12 AM GMT

ഉപാധികള്‍ ലംഘിച്ചാല്‍ നിയമനടപടി സ്വീകരിക്കുമെന്നും കെ.പി ശശികലയോട് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികലക്ക് ഉപാധികളോടെ ശബരിമല ദര്‍ശനത്തിന് അനുമതി. ശശികലയെ നിലയ്ക്കലില്‍ വെച്ച് എസ്.പി യതീഷ് ചന്ദ്രയുടെ നേതൃത്വത്തില്‍ പൊലീസ് തടയുകയായിരുന്നു. കുട്ടികള്‍ക്ക് ചോറൂണിനായി ശബരിമലയിലേക്ക് പോകുന്നുവെന്ന് അറിയിച്ച ശശികലക്ക് ഉപാധികളോടെ അനുമതി നല്‍കുകയായിരുന്നു.

ഇന്നു തന്നെ ദര്‍ശനം നടത്തി മടങ്ങണമെന്ന പൊലീസിന്റെ ആവശ്യം ആദ്യഘട്ടത്തില്‍ ശശികല അറിയിച്ചിരുന്നില്ല. തുടര്‍ന്ന് നിബന്ധനകള്‍ വ്യക്തമാക്കുന്ന നോട്ടീസ് ശശികലക്ക് കൈമാറുകയും ചെയ്തു. ശശികലയുടെ കൂട്ടത്തിലല്ലാതെ വന്ന അയ്യപ്പഭക്തരെ മറ്റൊരു കെ.എസ്.ആര്‍.ടി.സിയില്‍ കയറ്റി അയച്ചു. നോട്ടീസ് ഒപ്പിട്ട് നല്‍കിയതോടെ ശശികലയെ ശബരിമലയിലേക്ക് പോകാന്‍ അനുവദിക്കുകയായിരുന്നു.

ആറ് മണിക്കൂറിനകം ദര്‍ശനം നടത്തി മടങ്ങണം, സംഘം ചേരുകയോ ശബരിമലയില്‍ പ്രക്ഷോഭം സംഘടിപ്പിക്കുയോ ചെയ്യരുത് മാധ്യമങ്ങളോട് അടക്കം പ്രകോപനപരമായി സംസാരിക്കരുത് എന്നിങ്ങനെയുള്ള ഉപാധികള്‍ അംഗീകരിച്ച ശേഷമാണ് ശശികലയും രണ്ടും കുട്ടികളും അടങ്ങുന്ന സംഘം ശബരിമലയിലേക്ക് തിരിച്ചത്. ഈ ഉപാധികള്‍ ലംഘിച്ചാല്‍ നിയമനടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

ശബരിമല ദര്‍ശനത്തിനെത്തിയ ശശികലയെ ശനിയാഴ്ച്ച പുലര്‍ച്ചെ 01.30ന് മരക്കൂട്ടത്തുവെച്ച് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ശനിയാഴ്ച്ച ഹിന്ദു ഐക്യവേദി ബി.ജെ.പി പിന്തുണയോടെ സംസ്ഥാന വ്യാപക ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. പിന്നീട് തിരുവല്ല ആര്‍.ഡി.ഒ ശശികലക്ക് ജാമ്യം അനുവദിച്ചു. ശബരിമലയില്‍ ശശികലയുടെ നേതൃത്വത്തില്‍ മുമ്പ് നടന്ന സംഘര്‍ഷങ്ങള്‍ കണക്കിലെടുത്താണ് കരുതല്‍ തടങ്കലിലാക്കിയതെന്നാണ് പോലീസ് പറയുന്നത്.

Similar Posts