Kerala
പൊലീസ് അമിതാധികാരം കാട്ടുന്നു; ശബരിമലയിലെ സംഘര്‍ഷങ്ങളില്‍ ആചാര സംരക്ഷണ സമിതിക്കും പങ്കെന്ന് ഹൈക്കോടതി
Kerala

പൊലീസ് അമിതാധികാരം കാട്ടുന്നു; ശബരിമലയിലെ സംഘര്‍ഷങ്ങളില്‍ ആചാര സംരക്ഷണ സമിതിക്കും പങ്കെന്ന് ഹൈക്കോടതി

Web Desk
|
19 Nov 2018 12:29 PM GMT

ഭക്തരോട് സന്നിധാനത്ത് കയറരുതെന്ന് പറയാൻ പൊലീസിന് എന്ത് അധികാരമെന്നും ഹൈക്കോടതി ചോദിച്ചു.

ശബരിമലയിലെ പൊലീസ് നടപടികളുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം. പൊലീസ് അമിതാധികാരം കാട്ടുകയാണെന്ന് കോടതി കുറ്റപ്പെടുത്തി. ശബരിമലയെ യുദ്ധമുഖമാക്കി മാറ്റിയതില്‍ ആചാര സംരക്ഷണ സമിതിക്കും പങ്കുണ്ടെന്ന് കോടതി നിരീക്ഷിച്ചു.

ഭക്തര്‍ സന്നിധാനത്ത് കയറരുത് എന്ന് പറയാന്‍ പൊലീസിന് എന്തധികാരമെന്നാണ് കോടതി ചോദിച്ചത്. സന്നിധാനത്ത് വെള്ളം തുറന്നുവിടാൻ പൊലീസിന് ആര് അധികാരം നൽകി? വീഴ്ച ആവർത്തിച്ചാൽ എന്ത് ചെയ്യണമെന്ന് അറിയാമെന്നും കോടതി മുന്നറിയിപ്പ് നൽകി. സമാധാനമുണ്ടാക്കാൻ എല്ലാ രാഷ്ട്രീയ പാർട്ടികളും പൊലീസുമായി സഹകരിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ശബരിമലയില്‍ എന്തൊക്കെ സൌകര്യമൊരുക്കി എന്തൊക്കെ നിയന്ത്രണം ഏർപ്പെടുത്തി എന്ന് ഡി.ജി.പി അക്കമിട്ട് അറിയിക്കണം. പൊലീസ് ഭീകരാന്തരീക്ഷമുണ്ടാക്കുന്നു എന്നായിരുന്നു ഹർജിക്കാരന്റെ വാദം.

എന്നാല്‍ ആര്‍.എസ്.എസ് മനപൂർവം പ്രശ്നമുണ്ടാക്കാൻ ശബരിമലയിലെത്തിയെന്ന് അഡ്വക്കേറ്റ് ജനറല്‍ കോടതിയെ അറിയിച്ചു. പ്രവര്‍ത്തകരെ സഘടിപ്പിക്കാന്‍ ബി.ജെ.പി പുറത്തിറക്കിയ സര്‍ക്കുലറും എ.ജി കോടതിയുടെ ശ്രദ്ധയില്‍ പെടുത്തി. കേന്ദ്രനിർദേശപ്രകാരമാണ് സുരക്ഷയൊരുക്കിയിരിക്കുന്നത്. എന്നാല്‍ എല്ലാം കേന്ദ്രത്തിന്റെ തലയിൽ വച്ച് രക്ഷപ്പെടേണ്ട എന്നായിരുന്നു കോടതിയുടെ മറുപടി.

സന്നിധാനത്തെ യുദ്ധമുഖമാക്കി മാറ്റിയതില്‍ ഹരജിക്കാരായ ആചാര സംരക്ഷണ സമിതിക്കും പങ്കുണ്ടെന്ന് കോടതി വിമര്‍ശിച്ചു. മതജാതി ഭേദമന്യേ എല്ലാവരും വന്നുകൊണ്ടിരുന്ന ശബരിമലയില്‍ ഇപ്പോള്‍ ചേരിതിരിവ് ഉണ്ടായിരിക്കുന്നു എന്നും കോടതി നിരീക്ഷിച്ചു. ആചാരസംരക്ഷണ സമിതിയുടെ ഹരജിയില്‍ ഹരജിയിൽ വെള്ളിയാഴ്ച സർക്കാർ സത്യവാങ്മൂലം സമർപ്പിക്കണം.

Similar Posts