Kerala
സന്നിധാനത്ത് നിന്നും ഇന്നലെ അറസ്റ്റിലായ 69 പേര്‍ റിമാന്‍ഡില്‍
Kerala

സന്നിധാനത്ത് നിന്നും ഇന്നലെ അറസ്റ്റിലായ 69 പേര്‍ റിമാന്‍ഡില്‍

Web Desk
|
19 Nov 2018 2:21 PM GMT

സന്നിധാനത്ത് നിരോധനാജ്ഞ ലംഘിച്ചതിനും പൊലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനുമായിരുന്നു അറസ്റ്റ്.

ശബരിമല സന്നിധാനത്ത് നിന്നും ഇന്നലെ രാത്രി അറസ്റ്റ് ചെയ്ത 69 പ്രതിഷേധക്കാരെ പത്തനംതിട്ട മുൻസിഫ് കോടതി റിമാന്‍ഡ് ചെയ്തു. സന്നിധാനത്ത് നിരോധനാജ്ഞ ലംഘിച്ചതിനും പൊലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനുമായിരുന്നു അറസ്റ്റ്. ഇവരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി ബുധനാഴ്ചത്തേക്ക് മാറ്റി.

സന്നിധാനത്ത് നിരോധനാജ്ഞ ലംഘിച്ച് സംഘം ചേർന്ന് പ്രതിഷേധിച്ചതും പൊലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതുമാണ് കുറ്റങ്ങൾ. ഇന്നലെ രാത്രി 11ഓടെയാണ് സന്നിധാനത്ത് ശരണംവിളിയുമായി സംഘം ചേർന്ന പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയതത്. പ്രായപൂർത്തിയാകാത്ത ഒരാളെ പിന്നീട് വിട്ടയച്ചു.

പമ്പയിൽ നിന്നും പുലർച്ചെ 2.30ഓടെ അറസ്റ്റിലായവരെ മണിയാർ കെ.എ.പി 5 ബറ്റാലിയൻ ക്യാമ്പിൽ എത്തിച്ചു. സന്നിധാനത്ത് പൊലീസ് നടപടി ഉണ്ടായ ഉടൻ മണിയാറിലടക്കം ബി.ജെ.പിയുടെ പ്രതിഷേധ പ്രകടനവും ആരംഭിച്ചു. ഇതിനിടെ അറസ്റ്റിലായവരെ കാണാനെത്തിയ ആന്റോ ആന്റണി എം.പി യഥാർത്ഥ ഭക്തരായ ഇവരെ അകാരണമായി അറസ്റ്റ് ചെയ്തതാണെന്ന് ആരോപിച്ചു.

പ്രതികളുടെ ജാമ്യാപേക്ഷ കോടതി 21ന് പരിഗണിക്കും. റിമാന്‍ഡിലായവരെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റി. പ്രതിഷേധക്കാരെ കോടതിയിൽ ഹാജരാക്കിയപ്പോൾ കേന്ദ്രമന്ത്രി അൽഫോന്‍സ് കണ്ണന്താനമടക്കമുള്ള നേതാക്കൾ കോടതിയിൽ എത്തിയിരുന്നു.

Similar Posts